മെഡിക്കൽ കോളജ്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂര്‍ മാള സ്വദേശി ജ്യൂവല്‍ ജോഷി (23)യുടെ കൈകള്‍ ഇനി നിധിയുടെ 'കൈകകളിലൂടെ ജീവിക്കും'. മധ്യപ്രദേശുകാരി നിധി നായകി (23) നാണ് അപകടത്തില്‍ നഷ്ടപ്പെട്ട ഇരുകൈകള്‍ക്ക് പകരം ജ്യുവലിന്റെ കൈകള്‍ ലഭിച്ചത്.
ജ്യുവലിന്റെ മാതാപിതാക്കളുടെ ഹൃദയവിശാലതയാണ് നിധിയുടെ ജീവിതത്തിന് പുതിയ പ്രതീക്ഷയേകിയത്. മസ്തിഷ്ക മരണം സംഭവിച്ച ഉടന്‍ തന്നെ ജ്യുവലിന്റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് തയാറാകുകയും കേരള സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി അവയവദാന പ്രക്രിയ നടത്തുകയും ചെയ്തു. ജ്യുവലിന്റെ നേത്രപടലം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയും ദാനം ചെയ്തിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ടിഷ്യൂ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് ഏകോപനം നടത്തിയത്.
രണ്ടുവര്‍ഷം മുമ്പ് വൈദ്യുതാഘാതമേറ്റാണ് നിധിക്ക് കൈകള്‍ നഷ്ടമായത്. കൊച്ചി അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്റ്റിവ് സര്‍ജറി വിഭാഗം ചെയര്മാന് ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് പുതിയ കൈകള്‍ തുന്നിച്ചേര്‍ത്തത്. താൻ അതിജീവിക്കുമെന്നും ഈ 'സമ്മാനിത ഹസ്തങ്ങൾ' കൊണ്ട് നല്ല നാളേക്കായി ജീവിക്കുമെന്നും ഉറപ്പുനൽകിയാണ് നിധി മടങ്ങിയത്. ജ്യുവൽ മടങ്ങിയെങ്കിലും നിരവധി പേരിൽ തുടിപ്പായി അവനുണ്ടെന്ന സന്തോഷത്തിൽ കുടുംബവും ആശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.