മെഡിക്കൽ കോളജ്: അർധരാത്രി പശുക്കളെ കടത്തിക്കൊണ്ടുപോയവരുടെ ദൃശ്യം വാട്സ്ആപിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതികളെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കണ്ണമ്മൂല നെല്ലിക്കുഴി സ്വദേശിയായ സിബിയുടെ ഉടമസ്ഥതയിലുള്ള രണ്ടു പശുക്കളെ കാണാതായത്. പശുക്കളെ വീടിനു സമീപം തെങ്ങിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുതിക്കൊണ്ടിരുന്ന ചിലർ രണ്ടു പേർ പശുക്കളെ കൊണ്ടുപോകുന്നതു കണ്ട് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി. പശുക്കളെ മോഷ്ടിച്ചു കൊണ്ടുപോയതാണെന്ന് അവർ അറിഞ്ഞിരുന്നില്ല. തുടർന്ന് ദൃശ്യം ഇവർ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ഞായറാഴ്ച രാവിലെ പശുക്കളുടെ ഉടമ പരാതിയുമായി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടയിൽ വാട്സ്ആപ് ദൃശ്യം മെഡിക്കൽ കോളജ് പൊലീസിനും ലഭിച്ചിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിൽ പശുക്കളെ ശംഖുമുഖത്ത് വേറെ പശുക്കളുടെ കൂട്ടത്തിൽ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതോടെ പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇറച്ചിവെട്ടുകാരനായ കരിക്കകം സ്വദേശിയും ഇയാളുടെ സുഹൃത്ത് കൊച്ചുതോപ്പ് സ്വദേശിയുമാണ് പശുക്കളെ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, പശുക്കളെ കിട്ടിയതോടെ ഉടമ കേസ് വേണ്ടെന്നറിയിച്ചു. ഇതോടെ പൊലീസ് സുവോ മോട്ടോ കേസെടുത്ത് പ്രതികളെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.