മെഡിക്കൽ കോളജ്: എസ്.എ.ടി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയിൽ ജീവിതത്തിലേക്ക് മടങ്ങിവന്നത് 600 ലേറെ കുഞ്ഞുങ്ങൾ. ഇത്തവണ ലോക ഹൃദയദിനം ആചരിക്കുമ്പോൾ ഈ നേട്ടം എസ്.എ.ടി ആശുപത്രിക്ക് കൂടുതൽ ഊർജം പകരും. വകുപ്പുമേധാവി ഡോ.എസ്. ലക്ഷ്മിയുടെയും അസി. പ്രഫസർ ഡോ. കെ.എൻ. ഹരികൃഷ്ണന്റെയും നേതൃത്വത്തിലാണ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്.
ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് ഹൃദയം തുറക്കാതെ കത്തീറ്റർ ചികിത്സ നൽകുന്നതിനുള്ള കാത്ത് ലാബ് സർക്കാർ സംവിധാനത്തിൽ ആദ്യമായി ആരംഭിക്കുന്നത് 2018 ൽ എസ്.എ.ടി ആശുപത്രിയിലാണ്. 2021ൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തിയറ്ററും സജ്ജമാക്കിയതോടെയാണ് കുട്ടികളിലെ ഹൃദയ ചികിത്സ പൂർണതയിലെത്തിയത്.ചികിത്സകളിലൂടെ ജീവിതം തിരികെ ലഭിച്ച കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും മെഡിക്കൽ കോളജ് സി.ഡി.സി ഓഡിറ്റോറിയത്തിൽ ലോക ഹൃദയദിനമായ വെള്ളിയാഴ്ച ഒത്തുകൂടുന്നു. ആഘോഷ പരിപാടികൾ രാവിലെ ഒമ്പതിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷനാകും. നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ശശി തരൂർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.
വെള്ളിയാഴ്ച രാവിലെ ആറിന് മ്യൂസിയം അങ്കണത്തിൽ ഹൃദയസംരക്ഷണവും കുട്ടികളിലെ ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുമായി പീഡിയാട്രിക് കാർഡിയോളജി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ വാക്കത്തോൺ നടക്കും. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.