ർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15നകം സഞ്ചാരയോഗ്യമാക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനം. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്ക് പഴികേൾക്കുന്നത് സർക്കാറും കോർപറേഷനുമാണെന്നും മന്ത്രി വിമർശിച്ചു. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായ വെള്ളക്കെട്ട് നിവാരണം രണ്ടുദിവസത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് നിർമാണത്തിന് കുഴിയെടുത്ത് വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചുനടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണം.
വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, മേജർ-മൈനർ ഇറിഗേഷൻ വകുപ്പുകൾ, കോർപറേഷൻ എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ യോജിച്ചുള്ള പ്രവർത്തനം നടത്തി മേയ് 23 നകം പ്രശ്നപരിഹാരമുണ്ടാക്കണം. തുടർന്നുള്ള ദിവസങ്ങളിലും നഗരത്തിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ വകുപ്പുകളിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെയുള്ളവർ ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ മുൻകൂട്ടി വിലയിരുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
വെള്ളക്കെട്ട് നിവാരണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകണം. കലക്ടർ അത് സർക്കാറിന് കൈമാറണം. ഓരോ ദിവസവും വൈകീട്ട് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കലക്ടർ പ്രവർത്തനങ്ങൾ വിലയിരുത്തണം. മൺസൂൺ കാലത്ത് നഗരത്തിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് അടക്കമുള്ള കെടുതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് ഓരോ പ്രദേശങ്ങളിലും ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തണം. ഇവർ കോർപറേഷനുമായും സർക്കാർസംവിധാനങ്ങളുമായും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു. തിരുവനന്തപുരം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ. പ്രശാന്ത്, ജില്ല കലക്ടർ ജെറോമിക് ജോർജ്, എ.ഡി.എം പ്രേംജി .സി, സബ്കലക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.