തിരുവനന്തപുരം: മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാന്‍ നഗരസഭ കൗണ്‍സിലില്‍ തീരുമാനമായി. നഗരത്തിലെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരം ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സി.എ.ജി റിപോർട്ടിൽ ഗുരുതരമായ പരാമർശങ്ങളുണ്ടെന്ന് ബി.ജെ.പി കൗൺസിലർമാർ കുറ്റപ്പെടുത്തി.
കിച്ചൺ ബിൻ പദ്ധതി പൂർണ്ണമല്ല, അറവുശാലകൾക്ക് ലൈസൻസ് ഇല്ല, തെരുവ് നായ്ക്കൾ ഏറെയുണ്ട് തുടങ്ങിയ ആരോപണവും അവരുയർത്തി. എന്നാല്‍, നഗരസഭയുടെ മാലിന്യ സംസ്ക്കരണ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നുള്ള നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സൻ ഗായത്രി ബാബു പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിച്ചു.
ഒക്ടോബര്‍ രണ്ടിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും കിച്ചണ്‍ ബിന്‍ അശാസ്ത്രീയമാണെന്ന ആരോപണം തെറ്റാണെന്നും അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നഗരസഭ എക്കാലവും മുന്നോട്ട് പോയിട്ടുള്ളത്. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വന്നാല്‍ ഇടപെടുമെന്നും ചെയര്പേഴ്സൻ പ്രതിപക്ഷത്തിന് മറുപടി നല്കി.
നഗരത്തിലെ മാലിന്യപ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കണം. ഇതിനായി കാമ്പയിനുകള്‍ ആവശ്യമാണ്. കൗണ്‍സിലര്‍മാര്‍ക്കായി ഉറവിട മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. മാലിന്യ സംസ്ക്കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നും അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പത്മകുമാർ പറഞ്ഞു.
അടിസ്ഥാന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യനീക്കത്തിനുള്ള ജീവനക്കാരുടെ അവസ്ഥ മോശമാണ്. കയ്യുറ പോലും ഇല്ല. പൈസ നോക്കിയാണ് മാലിന്യ സംസ്കരണത്തിന് ജീവനക്കാരെ നിയമിക്കാത്തതെങ്കിൽ നഗര ജനതയെ വെല്ലു വിളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ഒരുമിച്ചു നിന്നാല്‍ ഏതൊരു പദ്ധതിയും വിജയിക്കും എന്നുള്ളതിന് തെളിവാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്നും ശുചിത്വ സുന്ദര നഗരത്തിനായി എല്ലാ അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഖി രവികുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.