നെടുമങ്ങാട്: ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന കാർഡുടമയുടെ പരാതിയിൽ റേഷൻ കടയിൽ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിലിെൻറ മിന്നൽ പരിശോധന.
പാലോട് എ.ആർ.ഡി 117ാം നമ്പർ ലൈസൻസിക്കെതിരെ ഉപഭോക്താവ് നൽകിയ പരാതിയിൽ 24 മണിക്കൂറിനുള്ളിലാണ് മന്ത്രി പരിശോധനെക്കത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. വിതരണത്തിനുള്ള അരിച്ചാക്കുകളും ഗോതമ്പും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ മന്ത്രി രേഖകളും പരിശോധിച്ചു.
തിങ്കളാഴ്ച വൈകീട്ട് റേഷൻ വാങ്ങാനെത്തിയ ഉപഭോക്താവിന് ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്തത് ചോദ്യംചെയ്തപ്പോൾ വേണമെങ്കിൽ കൊണ്ടുപോ എന്നായിരുന്നു കടയുടമയുടെ മറുപടി. ഇതു സംബന്ധിച്ച് കാർഡുടമ മന്ത്രിക്ക് രേഖാമൂലം പരാതി നൽകി.
തിങ്കളാഴ്ച രാവിലെ പാലോട് തെന്നൂരിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴി അപ്രതീക്ഷിതമായി ആരോപണവിധേയമായ കടയിൽ പരിശോധനക്ക് ഇറങ്ങുകയായിരുന്നു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറാൻ ഉപദേശിച്ച മന്ത്രി, ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിതരണം ചെയ്യരുതെന്നും റേഷനിങ് ഉദ്യോഗസ്ഥരെ അക്കാര്യം ധരിപ്പിച്ച് ഭക്ഷ്യധാന്യം മാറ്റി വാങ്ങണമെന്നും നിർദേശിച്ചു.
എല്ലാ റേഷൻ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പു വരുത്താൻ സിവിൽ സപ്ലെസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.