നെടുമങ്ങാട്: ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനുള്ള മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിക്ക് സ്ഥലമെടുപ്പ് പൂർത്തിയായി. ഉഴമലയ്ക്കൽ പഞ്ചായത്തും മങ്ങാട്ടുപാറ പ്രകൃതിസംരക്ഷണ സമിതിയും നാട്ടുകാരും നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അനിശ്ചിതത്വത്തിലായിരുന്ന പദ്ധതി യാഥാർഥ്യമാകുന്നത്.
കുര്യാത്തി റോഡരികത്തുവീട്ടിൽ ഫ്രാൻസിസ്, കുര്യാത്തി കമലനിലയത്തിൽ കെ.ബി. സന്തോഷ്കുമാർ എന്നിവരിൽനിന്നാണ് മങ്ങാട്ടുപാറയിലെ റവന്യൂ ഭൂമിക്ക് സമീപത്തായി ഒരേക്കർ അഞ്ച് സെന്റ് പഞ്ചായത്ത് വാങ്ങിയത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പദ്ധതി വൈകിപ്പിച്ചത്. 1.46 കോടി രൂപയാണ് കുടിവെള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ വകയിരുത്തിയത്. മങ്ങാട്ടുപാറയിലെ റവന്യൂ ഭൂമിയിൽ പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കവേയാണ് ഇവിടെ പാറപൊട്ടിക്കാൻ സ്വകാര്യ വ്യക്തിക്ക് നിരാക്ഷേപ പത്രംനൽകിയത്. ഇതോടെ പദ്ധതി അവതാളത്തിലായി.
പാറപൊട്ടിക്കാൻ അനുമതി ലഭിച്ച വ്യക്തി പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചു. പാറപൊട്ടിക്കലിനെതിരെ സംരക്ഷണ സമിതി രൂപവത്കരിച്ച് നാട്ടുകാർ സമരരംഗത്തിറങ്ങി. ക്വാറി മാഫിയ കുടിവെള്ള പദ്ധതിക്കായി മറ്റ് സ്ഥലങ്ങൾ നിർദേശിച്ചെങ്കിലും മങ്ങാട്ടുപാറയിൽതന്നെ സ്വകാര്യഭൂമി വിലയ്ക്കുവാങ്ങാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
കുടിവെള്ള പദ്ധതി നടപ്പാക്കാൻ ഇനിയും കടമ്പകളേറെയാണ്. വേനൽ കടുത്തതോടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതിനിടയിലാണ് ജലവിഭവ വകുപ്പിന്റെ ഉത്തരവ് പ്രകാരം പഞ്ചായത്തുകളെ വിവിധ മേഖലകളായി തിരിച്ച് ശുദ്ധജലവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇതോടെ നാട്ടുകാർ കുടിവെള്ളത്തിനായുള്ള പരക്കംപാച്ചിലിലാണ്.
മലയോര മേഖലയിലുള്ള ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പോങ്ങോട്, പേരില, വേങ്ങോട്ടുകുന്ന്, മരങ്ങാട്, വണ്ടയ്ക്കൽ, മുണ്ടേല, അയ്യപ്പൻകുഴി, പരുത്തിക്കുഴി, ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ പേഴുംമൂട്, പുല്ലുവെട്ടിച്ചിറ, മയിലാടുംപാറ, കുരിശ്നട കല്ലുവരമ്പ് പഞ്ചായത്തിലെ പുറുത്തിപ്പാറ, ദേവിയാരുകുന്ന്, ഈഞ്ചപ്പുരി, കൊക്കോട്ടേല എന്നിവിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.
രൂക്ഷമായ വേനൽ, ഗാർഹിക കണക്ഷനുകളുടെ വർധന, നദിയിലെ ജലനിരപ്പ് കുറയൽ, തുടർച്ചയായി പമ്പിങ് തടസ്സപ്പെടൽ എന്നീ കാരണങ്ങളാൽ ആര്യനാട് സെക്ഷന് കീഴിലെ ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിറ്റി പുതിയ പദ്ധതി നടപ്പാക്കുകയാണ്.
ഇതിനായി ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളെ അഞ്ച് മേഖലകളായും വെള്ളനാട് പഞ്ചായത്തിനെ ആറ് മേഖലകളായും പൂവച്ചൽ പഞ്ചായത്തിനെ 10 മേഖലകളായും വിളപ്പിൽ പഞ്ചായത്തിനെ ആറു മേഖലകളായും കുറ്റിച്ചൽ പഞ്ചായത്തിനെ മൂന്നു മേഖലകളായും തിരിച്ച് ജലവിതരണം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.