നേമം: ആ സമരാവേശത്തിെൻറ കനലുകൾ അണയാത്ത വിളപ്പിൽശാല ഇേപ്പാഴും സമരത്തിന് താങ്ങായ സുഗതകുമാരിയുടെ ഓര്‍മകള്‍ അയവിറക്കുകയാണ്. 'കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു, എന്തിനേറെ... ഈ മണ്ണിനെപ്പോലും മലിനമാക്കുന്ന ചവര്‍ ഫാക്ടറി അടച്ചുപൂട്ടുക തന്നെ വേണം. 2012 ഒക്ടോബര്‍ 16ന് വിളപ്പില്‍ശാലയില്‍ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി മലയാളത്തിെൻറ കവയിത്രി സുഗതകുമാരി പറഞ്ഞ വാക്കുകളായിരുന്നു.
പ്രകൃതിയെ മലിനമാക്കിയ നഗരസഭയുടെ ചവര്‍ സംസ്കരണ ഫാക്ടറിക്കെതിരെ 2010ലാണ് ജനം സമരമുഖത്തെത്തിയത്. രണ്ട് വര്‍ഷം നീണ്ട റിലേ നിരാഹാരസമരം. സര്‍ക്കാര്‍ വിളപ്പില്‍ശാലക്കാരുടെ അതിജീവനപോരാട്ടം കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ 2012 ഒക്ടോബര്‍ 13ന് വിളപ്പില്‍ പഞ്ചായത്തില്‍ സമര സമിതിക്കാര്‍ അനിശ്ചിതകാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ, കടകമ്പോളങ്ങള്‍ അടച്ചിട്ട് തീവ്രമായൊരു സമരം.
ഹര്‍ത്താല്‍ ആരംഭിച്ച് മൂന്നാംനാള്‍ സര്‍ക്കാറിന് മനംമാറ്റമുണ്ടായി. സമരാവേശത്തില്‍ തെരുവിലിറങ്ങിയ നാട്ടുകാരോട് സമവായ ചര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ അന്ന് നിയോഗിച്ചത് സുഗതകുമാരിയെ. വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനിലെ സമരപ്പന്തലിലെത്തിയ അവര്‍ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങള്‍ തെരുവിലിരിക്കുന്ന കാഴ്ച. വിളപ്പില്‍ശാലയുടെ നൊമ്പരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സുഗതകുമാരി ധരിപ്പിച്ചു. പിറ്റേന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ചക്ക് തയാറായി.
ഇനി വിളപ്പില്‍ശാലയിലേക്ക് ചവര്വാഹനങ്ങള് വരില്ലെന്ന ഉറപ്പിന്മേലാണ് അന്ന് ഹര്‍ത്താല്‍ പിന്‍വലിച്ചത്. 2013ല്‍ ഹരിതകോടതി വിധിയെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സുഗതകുമാരി എട്ട് വര്‍ഷം മുമ്പ് വന്ന് പ്രസംഗിച്ചിടത്ത് ബോധിവൃക്ഷത്തൈ നട്ട് ആ കവയത്രിയോടുള്ള ആദരവ് അറിയിക്കാനൊരുങ്ങുകയാണ് വിളപ്പില്‍ശാലയിലെ ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.