നേമം: കാല്‍നടയാത്രികരെ കുരുക്കിലാക്കി നേമം, വെള്ളായണി, കൈമനം ജങ്ഷനുകളിലെ ട്രാഫിക് ലൈറ്റുകള്‍ പണിമുടക്കില്‍. മൂന്നിടത്തും ലൈറ്റുകള്‍ ഇടയ്ക്കിടെ പണി മുടക്കുന്നത് വാഹനയാത്രികരെയും ദുരിതത്തിലാക്കി. നേമം ജങ്ഷനിലെ സിഗ്നല്‍ലൈറ്റുകള്‍ ചില സമയങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കില്ല.
വെള്ളായണി ജങ്ഷനിലെ സിഗ്നല്പോയിന്റില് ടൈമര്‍ പ്രവര്‍ത്തിക്കുമെങ്കിലും സിഗ്നല്‍ തെളിയില്ല. കൈമനത്ത് ദിവസങ്ങളായി ട്രാഫിക് ലൈറ്റുകള്‍ ഓഫാണ്. മുടക്കുവന്ന തുക സര്‍ക്കാര്‍ നല്കാത്തതിനാല് ഇനി അറ്റകുറ്റപ്പണി ചെയ്യില്ലെന്ന നിലപാടിലാണ് കെല്‍ട്രോണ്‍ അധികാരികള്‍. സോളാര്‍ ബാറ്ററികളുടെ സഹായത്തോടെയാണ് ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു വന്നത്. ബാറ്ററിയുടെ പാളിച്ചമൂലം വെള്ളായണി ജങ്ഷനിലെ സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലുള്ള വരമാത്രമാണ് തെളിയുന്നത്. ഇത് പലപ്പോഴും കാല്‍നടയാത്രികര്‍ക്കോ വാഹനയാത്രികര്ക്കോ കാണാന്‍ സാധിക്കില്ല.
കണ്ഫ്യൂഷന് ഉണ്ടാകുമ്പോള്‍ വാഹനം നിര്‍ത്തുന്നവരും അറിയാതെ കടന്നുപോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൈമനം ജങ്ഷനിൽ ട്രാഫിക് പൊലിസിന്റെ സേവനമില്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നുംപടിയാണ് യാത്ര ചെയ്യുന്നത്. നേമം സിഗ്നല്പോയിന്റിനു സമീപം ചില സമയങ്ങളില്‍ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാണ്. രാത്രികാലങ്ങളില്‍ ചീറിപ്പായുന്ന വാഹനങ്ങളെ ഭയന്നുവേണം കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍. ആറുമാസത്തിനിടെ 20-ഓളം കാല്‍നടയാത്രികരാണ് പ്രാവച്ചമ്പലം മുതല്‍ കൈമനം വരെയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ഏകദേശ കണക്ക്. ട്രാഫിക് സിഗ്നല്സംവിധാനത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്ന് ഫെഡറേഷന് ഓഫ് റസിഡന്റ്സ് അസോസിയേഷന് നേമം സെക്ടര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.