പാറശ്ശാല: ലക്ഷംവീട് നവീകരണ പദ്ധതി ചെങ്കല്‍ പഞ്ചായത്തിലെ ചുവപ്പുനാടയില്‍ കുടുങ്ങിയ നിലയില്‍. മഴക്കാലം ആകുന്നതോടെ വീടുകളുടെ ബലക്കുറവും ചോര്‍ച്ചയും കാരണം ഇവര്‍ ഭീതിയിലാണ്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷംവീട് കോളനികള്‍ ഒറ്റ വീടായിമാറിത്തുടങ്ങിയത് മുതലാണ് കഷ്ടകാലങ്ങളുടെ തുടക്കമായതെന്ന് കോളനി നിവാസികള്‍ പറയുന്നു.
അന്ന് 36,000 രൂപയ്ക്കാണ് വീടുകള്‍ നിര്‍മ്മാണം നടത്തിയത്.അതിനുശേഷം നാളിതുവരെയും മാറിമാറി വരുന്ന പഞ്ചായത്തുകള്‍ അറ്റക്കുറ്റപ്പണികൾക്കായി തുക നൽകിയിട്ടില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളാണ് ലക്ഷംവീടിനെ ആശ്രയിക്കുന്നത്. ഈ വീടുകൾക്കുള്ളിൽ കക്കൂസുപോലുമില്ല.
ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്ക് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്ലാന്‍ ഫണ്ട് അടക്കമുള്ളവ പഞ്ചായത്ത് അധികൃതര്‍ വഴിമാറ്റി ചെലവഴിക്കുന്നതായാണ് ആരോപണങ്ങള്‍ ഉയരുന്നത്.
യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കോളനി നിവാസികള്‍ ഇവിടെ കഴിയുന്നത്. കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പൈപ്പുകളില്‍ നിന്ന് ലഭിക്കാറുള്ളൂ. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലായ്മയും കോളനി നിവാസികളെ ദുരിതത്തില്‍ ആക്കുന്നു.
മുന്‍ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്കായി 2 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും അനുവദിച്ചിരുന്നതാണ്. നിലവിലെ ഭരണസമിതി ഈ ഫണ്ട് ഉപയോഗപ്പെടുത്താത്തതാണ് കോളനിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവള രാജകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.