പാറശ്ശാല: കരമന കളിയിക്കാവിള ദേശീയപാതയിൽ ഉദിയന്‍കുളങ്ങരയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ കുമാര്‍ (33), സഹായി പളുകല്‍ സ്വദേശിയായ ടൈറ്റസ് (41) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ച 3.30 നായിരുന്നു സംഭവം. വിഴിഞ്ഞം തുറമുഖ നിര്‍മാണ സാമഗ്രികള്‍ ഇറക്കിയശേഷം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ടോറസ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
ദേശീയപാതക്കരികിലെ ട്രാന്‍സ്ഫോര്‍മറിന് 20 മീറ്റര്‍ മാറി കലുങ്ക് തകര്‍ത്താണ് ലോറി വയലിലേക്ക് മറിഞ്ഞത്. വാഹനം ട്രാന്‍സ്ഫോമറില്‍ ഇടിക്കാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. പാറശ്ശാല പൊലീസ്, ഹൈവേ പട്രോള്‍, ജോയന്റ് ആര്.ടി.ഒ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉദിയന്കുളങ്ങരക്കും കൊറ്റാമത്തിനും ഇടയ്ക്കുള്ള ഈ സ്ഥലത്ത് രാത്രി തെരുവുവിളക്കുകളില്ല. റോഡിന്റെ ഇരുവശവും കാടുപിടിച്ചതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് അറവ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നതിനാല്‍ ഇവിടെ ദുര്‍ഗന്ധവും അസഹനീയമാണ്.
അപകടത്തിൽപെട്ട വാഹനത്തെ ക്രെയിനുകള്‍ ഉപയോഗിച്ച് കരക്കെടുക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത സ്തംഭനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.