പാറശ്ശാല: പരശുവയ്ക്കല്‍ വില്ലേജ് ഓഫിസ് കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. രണ്ടുമാസത്തിനിടയില്‍ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസില്‍ തീയിടാന്‍ ശ്രമം നടത്തുന്നത്. പൊലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് തീപിടിച്ചത്. വില്ലേജ് ഓഫിസിലെ പിറകിലത്തെ ടോയിലറ്റിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. മൂന്ന് മാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാറശ്ശാല പൊലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ല.
മൂന്നുവര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിലാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. ദിവസങ്ങളുടെ ഇടവേളയില്‍ അഞ്ചാം തവണയാണ് കത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഓഫിസ് മുറിയുടെ എയര്ഹോള് വഴിയാണ് ഏറ്റവും ഒടുവില്‍ അകത്തേക്ക് തീയിട്ടത്. തീയിട്ടെങ്കിലും ഭാഗ്യത്തിന് ഫയലില്‍ വീണില്ല.
തൊട്ടടുത്ത കസേരയിലാണ് തീപിടിച്ചത്. തീ പടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാസം കെഎസ്.ഇ.ബി മീറ്റര്‍ ബോര്‍ഡില്‍ തീയിട്ടിരുന്നു. അന്നും വലിയ അപടമില്ലാതെ രക്ഷപ്പെട്ടു. ഈമാസം ആദ്യം പെട്രോള്‍ ഒഴിച്ച് തീയിടാനായിരുന്നു ശ്രമം നടന്നു. അന്നും വലിയ തീപിടിത്തമുണ്ടായില്ല.
സാമൂഹിക വിരുദ്ധരാണോ അതോ ഫയല്‍ ഏതെങ്കിലും നശിപ്പിക്കാന്‍ നടക്കുന്നവരാണോ പിന്നിലെന്ന് അറിയാതെ കുഴയുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ് പാറശ്ശാല പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.