പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍ മലയോര പഞ്ചായത്തുകളിലേക്കുള്ള സര്‍വിസുകളുടെ കുറവാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.
സമാന്തര സര്‍വിസുകള്‍ ഏറക്കുറെ നിര്‍ത്തലാക്കിയതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. മുന്‍കാലങ്ങളില്‍ രാത്രി ഒമ്പതുമണി വരെയങ്കിലും ഈ റൂട്ടുകളില്‍ പൊതുഗതാഗതമുണ്ടായിരുന്നു. വെള്ളറട ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകളുടെ എണ്ണത്തിലുണ്ടായ കുറവും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നു.
ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും എത്തുന്നവര്‍ സ്വകാര്യവാഹനം വാടകക്കെടുത്ത് വീട്ടിലെത്തേണ്ട അവസ്ഥയാണ്. നെയ്യാറ്റിന്‍കര റൂട്ടിലാണ് ഏറെ യാത്രാക്ലേശം.
പൊതുഗതാഗത വാഹനങ്ങള്‍ മുന്‍കാലങ്ങളിലെപ്പോലെ സര്‍വിസ് നടത്താത്തതും യാത്രക്കാരെയും വിദ്യാർഥികളെയും വലയ്ക്കുന്നു. കവലകളില്‍ മണിക്കൂറുകള്‍ ബസ് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാർഥികള്‍. വെള്ളറട, പനച്ചമൂട്, നിലമാമൂട്, കാരക്കോണം, കുന്നത്തുകാല്‍ പ്രദേശത്തെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ യാത്രാക്ലേശം. കാരക്കോണം-മഞ്ചവിളാകം റൂട്ടിലും കാരക്കോണം-പെരുങ്കടവിള റൂട്ടിലും വണ്ടികിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും.
രാവിലെ എട്ടിനും 9.30നും ഇടയിലും വൈകുന്നേരം നാലിനും 5.30നും ഇടയിലുള്ള തിരക്കേറിയ സമയത്ത് പോകുന്ന ബസുകള്‍ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന പരാതിയുണ്ട്. വിദ്യാർഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ കയറാനും വീടുകളിലെത്താനും വൈകുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
കെ.എസ്.ആര്.ടി.സി ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ് നടത്തണമെന്നും അല്ലാത്തപക്ഷം മുന്‍കാലങ്ങളിലെപ്പോലെ സമാന്തര സര്‍വിസുകാര്‍ക്ക് സര്‍വിസ് അനുമതി നല്‍കിയെങ്കിലും യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.