പാറശ്ശാല: പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്പാല് ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാറശ്ശാല ആടുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആടുവളര്‍ത്തല്‍ കേന്ദ്രത്തിെൻറ പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മലബാറി ആടുകളെയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് ആട്ടിന്‍കുട്ടികളെ ഇവിടെനിന്ന് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ബുക്ക് ചെയ്ത കര്‍ഷകര്‍ക്ക് സമയബന്ധിതമായി ആട്ടിന്‍കുട്ടികളെ ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങ്ങിനുമുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സ്മിത, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ ഡോ. എ. കൗശികന് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.