തിരുവനന്തപുരം: വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാറിന്റെ അവഗണന നിരത്തി പൊട്ടിക്കരഞ്ഞ് മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ. കുടുംബങ്ങൾക്ക് പ്രത്യേക ധനസഹായവും വീട്വെച്ചുനൽകാമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാമെന്നും മരിച്ചവരുടെ കടബാധ്യത നീക്കാൻ സഹായിക്കാമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി വാഗ്ദാനം നൽകിയിരുന്നെന്നും ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഇൻഷുറൻസ് തുകയല്ലാത്ത മറ്റൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
ദുരന്തസമയത്തെ വാർത്താപ്രാധാന്യത്തിനപ്പുറത്ത് ഉറ്റവർ നഷ്ടപ്പെടുന്ന കുടുംബാംഗങ്ങൾക്ക് ഒരു പരിഗണനയും സർക്കാറിൽനിന്ന് ലഭിക്കുന്നില്ല. സർക്കാറിന്റെ നിരുത്തരവാദിത്തത്താലാണ് മുതലപ്പൊഴിയിൽ 78 പേർ മരണപ്പെട്ടത്. എന്നിട്ടും അവരുടെ കുടുംബാംഗങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതു പോലും സർക്കാർ അന്വേഷിക്കുന്നില്ല. ഇത് അസഹനീയമായ അവഗണനയാണ്. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. അവർ ദൈനംദിന ജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത കഷ്ടപ്പാടിലാണ്. ഭരണകൂടത്തിന്റെ ഈ നിസ്സംഗതക്കെതിരെ കേരളീയസമൂഹം പ്രതിഷേധിക്കണം.
കഴിഞ്ഞവർഷം ജൂലൈയിൽ ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തിൽ മരണമടഞ്ഞത്. ആ സമയത്ത് വീട് സന്ദർശിച്ച മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും കുടുംബത്തിന് വീടും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും എന്നറിയിച്ചു. കുടുംബങ്ങൾ സർക്കാറിന്റെ ഇടപെടൽ കാത്ത് നിൽക്കുകയാണ്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും സർക്കാർ തയാറാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളായ മലാഷ, ലതിക, ബിനില, സൽമ, താഹിറ എന്നിവർക്കൊപ്പം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.