തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചെന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇത് നോക്കിനിന്നെന്നും ലോ കോളജിൽ ആക്രമണത്തിനിരയായ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്.
സഫ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതിക്രൂരമായ മർദനമാണ് ഏൽക്കേണ്ടിവന്നതെന്നും സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെയാണ് തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്നും അവർ പറഞ്ഞു. സഫ്നയെ നിലത്ത് തള്ളിയിടുന്നതും അവിടെയിട്ട് മർദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് സംഭവത്തിന്റെ തീവ്രത പുറത്തുവന്നത്.
കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്ന് വ്യക്തമാക്കുകയാണ് സഫ്ന. എസ്.എഫ്.ഐയിൽനിന്ന് മുമ്പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. പൊലീസും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറയുന്നു. യൂനിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് അടിയുണ്ടാകുമെന്ന് പറഞ്ഞ് കോളജ് അധികൃതരും വിഷയത്തിൽ ഇടപെട്ടില്ലെന്ന് കെ.എസ്.യു ആരോപിക്കുന്നു.
കോളജിലെ സംഘർഷങ്ങൾക്കുശേഷം കെ.എസ്.യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാർഥിക്ക് കഴുത്തിനും ജിയോ എന്ന വിദ്യാർഥിക്ക് കാലിനും പരിക്കുണ്ട്. എന്നാൽ, പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. സഫ്നയെ ആരും ആക്രമിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ വിശദീകരിക്കുന്നു. സംഭവസ്ഥലത്ത് പൊലീസുകാർ നോക്കുകുത്തിയായെന്നും മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതിന് തയാറായില്ലെന്നും കെ.എസ്.യുക്കാർ ആരോപിക്കുന്നു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ദിവസവും എസ്.എഫ്.ഐ പ്രവർത്തകർ പ്രശ്നങ്ങളുണ്ടാക്കിയെന്നും അന്ന് സ്ഥലത്തെത്തിയ പൊലീസിനെ എസ്.എഫ്.ഐക്കാർ വിരട്ടിയോടിച്ചെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.