തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയെ മണിക്കൂറുകളോളം ഇരുട്ടിലാക്കിയത് തകരാറുകളുടെ പരമ്പര. ഒന്നിന് പിറകേ ഒന്നാകെ സംവിധാനങ്ങൾ ചതിച്ചതോടെ കണക്ക്കൂട്ടലുകളെല്ലാം പിഴച്ചു. ഞായറാഴ്ച രാത്രി ഏഴു മണിയോടെയുണ്ടായ വൈദ്യുത തടസ്സം 10 ഓടെ താൽകാലികമായി പരിഹരിച്ചെങ്കിലും സംവിധാനങ്ങൾക്കുണ്ടായ തകരാറ് പൂർണമായും തീർത്തത് തിങ്കളാഴ്ച മൂന്നരയോടെയാണ്.
മുൻകൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണി പൂർത്തിയായി സപ്ലൈ നൽകിയSAT Hospitalപ്പോൾ എച്ച്.ടി പാനലിലുണ്ടായ തകരാറാണ് ഒന്നാമത്തേത്. ജനറേറ്റുകൾ വഴി വൈദ്യുതി എത്തിക്കുന്ന സംവിധാനം പണിമുടക്കിയതാണ് മറ്റൊന്ന്. ബദൽ ക്രമീകരണമെന്ന നിലയിൽ പുറമേ നിന്ന് പകരം ജനറേറ്ററുകളെത്തിക്കാനുള്ള ശ്രമം സമയബന്ധിതമായി നടക്കാത്തതും ഇരുട്ടടിയായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും തീതിന്നു.
ഗുരതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ പാർപ്പിക്കുന്ന ഐ.സി.യു ആയ ഒ.ബി.എൻ, ഗൈനക് ഓപറേഷൻ തിയേറ്റർ, കുട്ടികളുടെ കാഷ്വാലിറ്റി, എതാനും വാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ബ്ലോക്കാണ് ഇരുട്ടിലായത്. ടോർച്ചുവെട്ടത്തിൽ ചികിത്സിക്കേണ്ട ഗതികേട്. അതും കുഞ്ഞുജീവനുകൾ.
11 കെ.വിയുടെ ആറ് സബ്സ്റ്റേഷനുകളാണ് മെഡിക്കൽ കോളജ് കാമ്പസിലുള്ളത്. മൂന്നര കിലോമീറ്ററിൽ 11 ഫീഡർ ലൈനുകളും. ഇതൊക്കെയായിട്ടും കണക്കുകൂട്ടലുകൾക്ക് അപ്പുറമായി കാര്യങ്ങൾ. വൈദ്യുമുടക്കത്തിൽ ആരോഗ്യവകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്.എ.ടിയിലെ കെ.എസ്.ഇ.ബിയുടെ ലൈനിൽ നിന്ന് ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി എത്തിക്കുന്ന ഭാഗത്തെ ഉപകരണത്തിൽ സ്പാർക്ക് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ഇത് മാറ്റി സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾക്കുമായി കെ.എസ്.ഇ.ബി നിർദേശിച്ചത്. വൈദ്യുതി വിതരണം നിർത്തിവെച്ചേ അറ്റകുറ്റപ്പണി ചെയ്യാനാവൂ. അതുകൊണ്ട് ഒ.പികൾ പ്രവർത്തിക്കാത്തതും തരാതമ്യേന തിരക്ക് കുറഞ്ഞതുമായി ഞായറാഴ്ച ദിവസം ഉച്ചക്ക് ശേഷം തെരഞ്ഞെടുത്ത്. അനിവാര്യമല്ലാത്ത അഡ്മിഷനുകൾ കുറച്ചു. അത്യാഹിതവിഭാഗങ്ങളിൽ ബദൽ സംവിധാനങ്ങളുമൊരുക്കി. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ജോലികൾ അഞ്ചോടെ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എസ്.എ.ടിക്ക് സ്വന്തമായി 500 കെ.വിയുടെയും 320 കെ.വിയുടെയും രണ്ട് ജനറേറ്ററുകളുണ്ട്.
അടിന്തര സാഹചര്യം കണക്കിലെടുത്ത് അധിക ജീവനക്കാരെയും മതിയായ ഇന്ധനവും കരുതിയിരുന്നു. എന്നാൽ ഞായറാഴ്ച വൈകീട്ട് കാലാവസ്ഥ മോശമായി. ശംഖുമുഖത്ത് അടിന്തരമായി അറ്റകുറ്റപ്പണികൾ പോകേണ്ടിയിരുന്നതിൽ ജോലികൾ ആരംഭിക്കാൻ അൽപം വൈകി. എങ്കിലും അഞ്ചിന് അവസാനിക്കേണ്ട ജോലികൾ 5.35 ന് തന്നെ കെ.എസ്.ഇ.ബി അധികൃതർ പൂർത്തിയാക്കി.
ചാർജ് ചെയ്ത് പത്ത് മിനിട്ട് നിരീക്ഷിച്ച ശേഷമാണ് സാധാരണ ഇത്തരം ജോലികൾ അവസാനിപ്പിക്കുന്നത്. ജോലികൾ തീർത്ത് സപ്ലൈ നൽകി ഒരു മിനിട്ട് കഴിഞ്ഞതോടെ ട്രിപ്പ് ആയി വൈദ്യുതി നിലച്ചു. പരിശോധനയിൽ എച്ച്.ടി പാനലിനുള്ളിലെ എയർബ്രേക്ക് കത്തിയതായി കണ്ടെത്തി. കമ്പനിയിൽ നിന്ന് ഉപകരണമെത്തിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂ എന്നതിനാൽ ബദൽ ക്രമീകരണമെന്ന നിലയിൽ അടിയന്തരമായി ഒരു ജനറേറ്റർ കൂടി എത്തിക്കാൻ നീക്കങ്ങളാരംഭിച്ചു.
മറ്റ് രണ്ട് ജനറേറ്ററുകളും ഈ സമയം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സമയത്തെല്ലാം എല്ലാ ബ്ലോക്കുകളിലും വൈദ്യുതിയുമെത്തിയിരുന്നു. എന്നാൽ മൂന്നാമതൊരു ജനറേറ്ററ്റിനുള്ള ശ്രമം നടക്കുന്നതിനിടെ 6.15 ഓടെ കുട്ടികളുടെ കാഷ്വാലിറ്റിയും ഗൈനക് ഓപറേഷൻ തിയറ്ററുമടങ്ങുന്ന കെട്ടിടത്തിലേക്കുള്ള വൈദ്യുതി എത്തിക്കുന്ന ജനറേറ്റർ പണിമുടക്കി. കൂടുതൽ നേരം ഓടിയത് കൊണ്ടാകാമെന്ന് കരുതി ഓഫ് ചെയ്ത് ഓൺ ചെയ്തതോടെ വീണ്ടും അരമണിക്കൂറോളം വൈദ്യുതി എത്തി. പിന്നാലെ വീണ്ടും നിലച്ചു.
പരിശോധനയിൽ കെ.എസ്.ഇ.ബി ലൈനും ജനറേറ്റർ സപ്ലൈയും തമ്മിൽ ക്രമീകരിക്കുന്ന ഉപകരണം തകരാറിലായെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കുട്ടികളുടെ കാഷ്വാലിറ്റി ബിൾഡിങ്ങിൽ പൂർണമായും വൈദ്യുതി നിലച്ചത്. ഇതോടെ പ്രതിഷേധം കനത്തു. ജീവനക്കാരും സംവിധാനങ്ങളും അങ്കലാപ്പിലുമായി.
ബദൽ ജനറേറ്റർ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ അന്നേരവും തുടരുന്നുണ്ടായിരുന്നു. പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർമാരാണ് ജനറേറ്റർ എത്തിക്കുന്നത്. തലസ്ഥാനത്തുണ്ടായിരുന്ന ജനറേറ്ററുകളെല്ലാം പുന്നമടയിൽ വള്ളംകളിക്കായും കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരിത്തിനായും കൊണ്ടുപോയതും വിനയായി.
നാലഞ്ചിറയിൽ മറ്റൊരാവശ്യത്തിന് എത്തിച്ച ജനറേറ്റർ കണ്ടെത്തിയെങ്കിലും എത്തിക്കാൻ ജീവനക്കാരില്ലാത്തതും വെല്ലുവിളിയായി. ഡ്രൈവറെ എത്തിച്ച് ജനറേറ്റർ എസ്.എ.ടിയിൽ എത്തിച്ചപ്പോഴേക്കും 9.30 കഴിഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. രോഗികൾ ഇരുട്ടിലായി പ്രതിഷേധം പാരമ്യതയിലും. പത്ത് മണിയോടെ ഈ ജനറേറ്റർ പ്രവർത്തിച്ചതോടെയാണ് താൽകാലികമായി വെളിച്ചമെത്തിയത്.
എച്ച്.ടി പാനലിലെ എയർ ബ്രേക്ക് മാറ്റി സ്ഥാപിച്ചപ്പോഴേക്കും തിങ്കളാഴ്ച രാവിലെ ആറ് മണിയായി. ജനറേറ്ററും വൈദ്യുതി ലൈനും തമ്മിൽ ക്രമീകരിക്കുന്ന സംവിധാനത്തിന്റെ തകരാറ് അപ്പോഴും പരിഹരിച്ചിരുന്നില്ല. ലൈൻ ഓഫ് ചെയ്ത് മാത്രമേ ഇത് പൂർത്തിയാക്കാനാകൂ. അടിയന്തര ശസ്ത്രക്രിയകളും ഒ.പികളുമടക്കം പ്രവർത്തിക്കുന്ന തിരക്കുള്ള തിങ്കളാഴ്ചയായതിൽ ഇതിന് തടസ്സങ്ങളുണ്ടായി. ശസ്ത്രക്രിയകളെല്ലാം കഴിഞ്ഞെന്ന് ഉറപ്പുവരുത്തി ഉച്ചക്ക് മൂന്നോടെയാണ് ജോലികൾ തുടങ്ങിയത്. അരമണിക്കൂറിനുള്ളിൽ ഉപകരണം മാറ്റി സ്ഥാപിച്ചു. പലവട്ടം ലൈനുകൾ മാറ്റി നൽകി തകരാറില്ലെന്ന് ഉറപ്പുവരുത്തിലാണ് ജോലികൾ അവാസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.