ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അദാനി വാർഫ് നിർമാണത്തിന് പൊളിച്ച പുലിമുട്ട് പുനർനിർമിക്കുന്നു. പെരുമാതുറ ഭാഗത്താണ് പുനർനിർമാണം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കടൽമാർഗം പാറ കൊണ്ടു പോകാൻ 2018 ലാണ് തെക്കുഭാഗത്തെ 640 നീളമുള്ള പുലിമുട്ടിന്റെ 170 മീറ്റർ ഭാഗം പൊളിച്ച് വാർഫ് നിർമാണം നടത്തിയത്. വിഴിഞ്ഞത്തെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതോടെ ഇവിടെ നിന്നുള്ള പാറ നീക്കവും അവസാനിപ്പിച്ചു. കരാർ കാലാവധി അവസാനിച്ചതോടെയാണ് അദാനി കമ്പനി പുനർനിർമാണം നടത്തുന്നത്.
വാർഫിനരികിൽ നിന്ന് ഡ്രഡ്ജിങ് നടത്തിയാണ് പാറ നീക്കാനുള്ള ബാർജ് അടിപ്പിച്ചിരുന്നത്. പാറ നീക്കം നിലച്ചതോടെ ഡ്രഡ്ജിങ്ങും നിലച്ചു. ഇതോടെ വാർഫിനരിക്കിൽ മണൽ കുന്നുകൂടിയത് അപകടങ്ങൾക്കിടയാക്കിയിരുന്നു. പുലിമുട്ട് പുനർനിർമിക്കുന്നതോടെ കായലിൽ നിന്നുള്ള മണൽ ഒഴുക്കും സുഖകരമാകുമെന്നാണ് പ്രതീക്ഷ. അഴിമുഖത്ത് നിന്ന് മണൽ നീക്കുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും.
സംസ്ഥാന ഹാർബർ വകുപ്പാണ് മണൽ നീക്കം നടത്തുന്നത്. ഇതിനായുള്ള തുക അദാനി കമ്പനിയിൽ നിന്ന് ഇടാക്കാനാണ് തീരുമാനമെന്ന് ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അരുൺ മാത്യൂസ് പറഞ്ഞു. നാല് എസ്കവേറ്ററുകൾ ഉപയോഗിച്ചാണ് 24 മണിക്കൂറും പുലിമുട്ട് പുനർനിർമാണം പുരോഗമിക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.
പുലിമുട്ട് നിർമാണം പൂർത്തിയാകുന്നതോടെ മുതലപ്പൊഴിയിൽ ടൂറിസം സാധ്യതയേറും. സർക്കാറിന് കൈമാറുന്ന വാർഫ് സഞ്ചാരികൾക്കായുള്ള വ്യൂ പോയൻറായി ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.