അഞ്ചലിൽ മാലമോഷണ ശ്രമം; സ്ത്രീ അറസ്റ്റിൽ

അഞ്ചൽ: ബസ് യാത്രക്കിടെ ഒപ്പം കൂടിയ സ്ത്രീ സഹയാത്രികയുടെ മാല കവരാൻ ശ്രമം. മറ്റു യാത്രക്കാരുടെ ഇടപെടലിൽ മാലതിരിച്ചുകിട്ടി. മോഷ്ടാവെന്ന് കരുതുന്ന 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയെ നാട്ടുകാർ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെ ഇടമുളയ്ക്കൽ-കോട്ടുക്കൽ റോഡിൽ ചെമ്പകരാമനല്ലൂരിലാണ് സംഭവം. ചെമ്പകരാമനല്ലൂർ ലിജി വിലാസത്തിൽ പൊന്നമ്മയുടെ മൂന്നര പവൻ മാലയാണ് അപഹരിക്കാൻ ശ്രമം നടന്നത്.

അഞ്ചൽ ചന്തമുക്കിൽ വീട്ടുസാധനങ്ങളടങ്ങിയ ചാക്കുകെട്ടുകളുമായി ബസ് കാത്തുനിന്ന പൊന്നമ്മയുടെ അടുത്തെത്തിയ അപരിചിതയായ സ്ത്രീ കുശലാന്വേഷണം നടത്തുകയും താനും അതുവഴിക്കാണെന്ന് പറഞ്ഞുകൊണ്ട് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പൊന്നമ്മയുടെ ചാക്കുകെട്ടുകൾ ബസിൽ എടുത്തുവെച്ച് അടുപ്പംകാട്ടി. ഒരേ സീറ്റിൽ യാത്ര ആരംഭിച്ചു.

ചെമ്പകരാമനല്ലൂരിലെത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ തുടങ്ങവേ, ഇവരുടെ സീറ്റിനടുത്ത് മാല കിടക്കുന്നതു ശ്രദ്ധയിൽപെട്ട അടുത്ത സീറ്റിലെ യാത്രക്കാരിയായ പെൺകുട്ടി വിവരം പൊന്നമ്മയോട് പറഞ്ഞു. ഉടൻ സഹയാത്രികയായി കൂടെക്കൂടിയ സ്ത്രീ അതെടുത്ത് പൊന്നമ്മക്ക് കൊടുക്കുകയും തിടുക്കപ്പെട്ട് സ്ഥലം വിടുകയും ചെയ്തു.

നാട്ടുകാർ പിന്തുടരുന്നതറിഞ്ഞ ഇവർ സമീപത്തെ ആളൊഴിഞ്ഞ വീടിന്‍റെ ശൗചാലയത്തിൽ ഒളിച്ചെങ്കിലും നാട്ടുകാർ പിടികൂടി അഞ്ചൽ പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്യലിൽ തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുകയും പാലക്കാട്ടുകാരിയാണെന്നും തമിഴ്നാട്ടുകാരിയാണെന്നും മാറി മാറി പറയുകയും ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - theft attempt; The woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.