തിരുവനന്തപുരം: ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകളെ തുടർന്ന് മാറ്റിവെച്ച റവന്യൂ ജില്ല കായികമേള ഇന്ന് പുനരാരംഭിക്കും. കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് വൈകീട്ടോടെ തിരശ്ശീല വീഴും.
ഈ മാസം എട്ടിന് ആരംഭിച്ച മേളയുടെ ആദ്യദിനം സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിന്റെയും ഒമ്പതിന് ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിന്റെയും മത്സരങ്ങളാണ് നടന്നത്. പരീക്ഷയെ തുടർന്ന മാറ്റിവെച്ച സീനിയർ വിഭാഗത്തിന്റെ ക്രോസ് കൺട്രി, പോൾവാൾട്ട്, ട്രിപ്പിൾജംപ്, 200 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, 400 മീറ്റർ ഹർഡിൽസ്, നടത്ത മത്സരങ്ങളും അവശേഷിക്കുന്ന സബ്ജൂനിയർ, ജൂനിയർ മത്സരങ്ങളും ഇന്ന് നടക്കും.
75 ഫൈനലുകൾ പൂർത്തിയാകുമ്പോൾ ഏഴ് സ്വർണം 13 വെള്ളി 10 വെങ്കലവുമടക്കം 100 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ലയാണ് കിരീടപോരാട്ടത്തിൽ മുന്നിൽ.
മൂന്ന് സ്വർണവും ഏഴ് വെള്ളിയും അത്രതന്നെ വെങ്കലമടക്കം 53 പോയന്റുമായി നെടുമങ്ങാട് ഉപജില്ല രണ്ടാംസ്ഥാനത്തും 50 പോയന്റുമായി തിരുവനന്തപുരം നോർത്ത് മൂന്നാംസ്ഥാനത്തുമാണ്. മികച്ച കായികസ്കൂളിനുള്ള പോരാട്ടത്തിൽ മൈലം ജി.വി. രാജ സ്പോർട്സ് സ്കൂൾ കിരീടം ഉറപ്പിച്ചുകഴിഞ്ഞു.
മികച്ച സർക്കാർ കായിക സ്കൂളിനുള്ള ചാമ്പ്യൻ പട്ടത്തിനായി ശക്തമായ മത്സരമാണുള്ളത്. മൂന്ന് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 37 പോയന്റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂരാണ് ഒന്നാംസ്ഥാനത്ത്. 19 പോയന്റുമായി നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസും 16 പോയന്റുമായി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.