തിരുവനന്തപുരം: ഹരിത കർമ സേനയെയും ക്ലീൻ കേരള കമ്പനിയെയും നോക്കുകുത്തിയാക്കി നഗരത്തിലെ അജൈവ മാലിന്യം ഇഷ്ടക്കാർക്ക് നൽകാനുള്ള നീക്കത്തിൽ വൻ തട്ടിപ്പും അഴിമതിയും. തലസ്ഥാനത്തെ ഒരു പ്രമുഖ സിനിമ നടനും കോർപറേഷനിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ടെൻഡർ നടപടികൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വോം ഇക്കോ സൊലൂഷ്യൻസ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി.
നഗരത്തിലെ അജൈവ മാലിന്യ സംസ്കരണം ക്ലീൻ കേരള കമ്പനിയെക്കൊണ്ട് മാത്രം നടക്കുന്നില്ലെന്ന് കാണിച്ചാണ് 2021 ജൂലൈ അഞ്ചിന് കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചത്. സി ആൻഡ് സി എൻജിനിയേഴ്സ്, ഗ്രീൻ വോം എക്കോ സൊല്യൂഷൻസ്, സൺഏജ് എക്കോ സിസ്റ്റം തുടങ്ങിയ കമ്പനികളാണ് താൽപര്യമറിയിച്ച് കോർപറേഷന് കത്ത് നൽകിയത്.
ഇതിൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ വോം എക്കോ സൊല്യൂഷൻസ് തങ്ങൾക്ക് മാലിന്യം മാത്രം നൽകിയാൽ മതിയെന്നും മറ്റ് യാതൊരു ചെലവും കോർപറേഷൻ വഹിക്കേണ്ടതില്ലെന്നും അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച പ്രോജക്ടും കോർപറേഷന് നൽകിയെങ്കിലും ഭരണസമിതി യാതൊരു പരിശോധയും കൂടാതെ തള്ളി. ഇതിന് ശേഷമാണ് താൽപര്യ പത്രത്തിൽ കപ്പാസിറ്റി രേഖപ്പെടുത്താത്തതിനെ തുടർന്ന് സി ആൻഡ് സി എൻജിനിയേഴ്സിനെയും സംസ്കരണ പ്ലാന്റ് ഇല്ലെന്ന് ആരോപിച്ച് ഗ്രീൻ വോം എക്കോ സൊല്യൂഷൻസിനെയും തള്ളിക്കൊണ്ട് 30 ടൺ ജൈവമാലിന്യവും 10 ടൺ പ്ലാസ്റ്റിക്കും സംസ്കാരിക്കാൻ കഴിവുള്ള സൺഏജ് എക്കോ സിസ്റ്റത്തെ തെരഞ്ഞെടുത്തത്.
എന്നാൽ പ്രതിദിനം 60 ടൺ അജൈവ മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് തങ്ങൾക്കുണ്ടെന്ന് ഗ്രീൻ വോം എക്കോ സൊല്യൂഷൻസ് അധികൃതർ മാധ്യമത്തോട് പറഞ്ഞു. നിലവിൽ കൊച്ചി കോർപറേഷനടക്കം 68 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി മാലിന്യസംസ്കരണത്തിന് കരാർ ഒപ്പിട്ടുള്ള കമ്പനിയാണ് ഗ്രീൻ വോം എക്കോ സൊല്യൂഷൻസ്.
ഈ കമ്പനിയെ മറികടന്നാണ് 10 ടൺ അജൈവ മാലിന്യം സംസ്കരിക്കാനുള്ള കഴിവുള്ള സൺഏജ് എക്കോ സിസ്റ്റത്തെ തെരഞ്ഞെടുത്തത്. ബി.ജെ.പിയുടെ അഴിമതി ആരോപണത്തെ തുടർന്ന് കരാറിന് കൗൺസിൽ അംഗീകാരം നൽകിയിട്ടില്ല. ആരോപണം ശക്തമാക്കിയതോടെ ഇതുസംബന്ധിച്ച ഫയലുകൾ ഹാജരാക്കൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.