വഞ്ചിയൂര്‍: പേട്ട-ശംഖുംമുഖം റോഡില്‍ റെയില്‍വേ മേല്‍പാലത്തോട് ചേര്‍ന്ന് മാലിന്യനിക്ഷേപവും കത്തിക്കലും തടയാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാര്‍. നഗരസഭയിലെ ശുചീകരണതൊഴിലാളികളാണ് മാലിന്യ നിക്ഷേപത്തിനും കത്തിക്കലിലും ഉത്തരവാദികളെന്നാണ് നാട്ടുകാരുടെ ആരോപണം. തുടക്കമെന്ന നിലയില്‍ നഗരസഭ സെക്രട്ടറിക്ക് നോട്ടീസയയക്കും.
പേട്ട നാലുമുക്ക് മുതല്‍ വിവിധയിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യമെത്തിച്ച് ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ഇതിനെതിരെ റെയില്‍വേ അധികൃതര്‍ പോലും പ്രതികരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. 25 അടിയോളം ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കൂറ്റന്‍ ഭിത്തി മാലിന്യം കത്തിക്കുന്നതിലൂടെ തകര്‍ച്ച നേരിടുകയാണ്.
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന മാലിന്യ നിക്ഷേപം ഉച്ചവരെ തുടരും. ഇതോടൊപ്പം മാലിന്യത്തില്‍ തീയിടുകയും ചെയ്യുന്നു. മാലിന്യം കത്തിക്കുന്ന സംഭവം ആഴ്ചകള്‍ക്ക് മുമ്പ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര വിമാനത്താവളം, ശംഖുംമുഖം ബീച്ച്, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേയ്ക്ക് 24 മണിക്കൂറും വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിനോട് ചേര്‍ത്തിട്ട് മാലിന്യം കത്തിക്കുന്നതിലാണ് പ്രതിഷേധം ശക്തമാകുന്നത്.
സ്ഥിരമായി മാലിന്യം കത്തിക്കുന്നതിനാല്‍ റെയില്‍വേ മേല്‍പ്പാലത്തിന് ബലക്ഷയം സംഭവിച്ചതായും പറയുന്നു. സമീപത്തായി നിരവധി കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും വീടുകളുമുണ്ട്. സ്ഥലത്തെ ഇപ്പോള്‍ ‘ശ്മശാനം’ എന്നാണ് നാട്ടുകാര്‍ ഓമനപ്പേരിട്ട് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.