വർക്കല: ചെമ്മരുതി പഞ്ചായത്തിലെ തച്ചോട്, ചാവടിമുക്ക് മാർക്കറ്റുകളിൽനിന്ന് പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വിഭാഗവും പഞ്ചായത്ത് ആരോഗ്യവിഭാഗവും സംയുക്തമായായിരുന്നു പരിശോധന. തച്ചോട്, ചാവടിമുക്ക് മാർക്കറ്റുകളിൽ പതിവായി പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യവിൽപനയുണ്ടെന്ന് പരാതിയുണ്ടായിരുന്നു. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം മത്സ്യങ്ങൾ പഴകിയതാണെന്ന് കണ്ടെത്തിയത്.
തച്ചോട് മത്സ്യമാർക്കറ്റിൽനിന്ന് 15 കിലോ കൊഴിയാളയും ചാവടിമുക്ക് മാർക്കറ്റിൽനിന്ന് 10 കിലോയോളം ചൂരയും കല്ലമ്പലം മത്സ്യമാർക്കറ്റിൽനിന്ന് 20 കിലോയോളം ചൂരയും പിടിച്ചെടുത്തു.
അമോണിയ പുരട്ടിയതും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തി. ഫ്രീസ് ചെയ്ത് വിൽക്കേണ്ട മത്സ്യങ്ങൾ ഐസ് ഇടാതെ ഫ്രഷ് ആണെന്നുള്ള വ്യാജേന മണൽ വിതറിയാണ് ഇപ്പോഴും വിൽപന നടത്തുന്നതെന്നും ഇത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഡോ. പ്രവീൺ പറഞ്ഞു. മൊത്തവിപണന കേന്ദ്രങ്ങളിലും പരിശോധന നടന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചെമ്മരുതി ഹെൽത്ത് ഓഫിസർ ഡോ. സൗമ്യ, ഹെൽത്ത് ഇൻസ്പെക്ടർ ഷേണായി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സരിത, വിജി, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.