വർക്കല: വർക്കലയിൽ വൻ ഭക്ഷ്യവിഷബാധ. കുട്ടികളടക്കം അറുപതോളം പേരെ വിവധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വർക്കല ടൗണിൽ പ്രവർത്തിക്കുന്ന ന്യൂ സ്പൈസി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
വ്യാഴാഴ്ച വൈകീട്ടും രാത്രിയിലുമായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിലും പാർസൽ വാങ്ങി കഴിച്ചവരിലുമാണ് ഭക്ഷ്യവിഷബാധ. ഇവരാണ് വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
അൽഫഹം, കുഴിമന്തി, ഷവർമ, ചിക്കൻ ന്യൂഡിൽസ് എന്നിവയിൽ നിന്നാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ നഗരത്തിലെ വിവിധ ആശുപത്രികളിൽ തുടരെത്തുടരെ ആളുകൾ ചികിത്സതേടിയതോടെയാണ് വാർത്ത പരന്നത്. തുടർന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നഗരസഭയുടെ ആരോഗ്യവിഭാഗവും ഹോട്ടലിലെത്തി പരിശോധന നടത്തി. വേവിച്ചതും വേവിക്കാത്തതുമായ പഴകിയ ഇറച്ചിയും അരച്ചുതയാറാക്കിയ പഴകിയ മസാലയും പഴകിയ എണ്ണയും ഉൾപ്പെടെയുള്ളവ ഹോട്ടലിൽനിന്ന് കണ്ടെടുത്തു. വൃത്തിഹീനമായാണ് ഹോട്ടൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തി.
നിരോധിത കളർ ഫ്ലേവറുകളും ഇവിടെനിന്ന് പിടികൂടി. പഴകിയ ചിക്കനിലോ മയോണൈസിലോ നിന്നാകാം വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകൾ വിശദപരിശോധനക്ക് അയച്ചിട്ടുണ്ട്. വർക്കല എസ്.എൻ മിഷൻ ആശുപത്രിയിൽ 36 പേരാണ് ചികിത്സ തേടിയത്. ഇവർക്കായി അടിയന്തരമായി രണ്ട് വാർഡുകൾ ഒഴിപ്പിച്ചെടുത്ത് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാലുപേർ വീതവും ന്യൂ മംഗള ആശുപത്രിയിൽ ആറുപേരും ചികിത്സയിലുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പത്തോളം പേരെ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം പൂട്ടി സീൽ െവച്ചു. വരുംദിവസങ്ങളിൽ വർക്കല മേഖലയിലാകെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പരിശോധന ശക്തമാക്കുമെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അഡ്വ.വി.ജോയി എം.എൽ.എ എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.