വർക്കല: കനത്ത മഴയിൽ വർക്കലയിലും സമീപപ്രദേശങ്ങളിലും വ്യാപക നാശം. ജലാശയങ്ങളും ഏലാകളും നിറഞ്ഞുകവിഞ്ഞു. മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിലായി. തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്.
വര്‍ക്കല താലൂക്കില്‍ വിവിധ പ്രദേശങ്ങളിലായി നാല് വീടുകള്‍ തകര്‍ന്നു. ചെമ്മരുതി മുട്ടപ്പലം കോളനി ബിജു നിലയത്തില്‍ രമണി, മുട്ടപ്പലം സിന്ധുവിലാസത്തില് ബിന്ദു, അയിരൂര്‍ സുമ നിവാസില്‍ ലതിക, ഒറ്റൂര്‍ മുള്ളറംകോട് ലക്ഷ്മി സദനത്തില്‍ സോബി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.ശിവഗിരി തുരപ്പിന്‍മുഖം - പന്തുകളം റോഡിലേക്ക് മതിലിടിഞ്ഞ് കരിങ്കല്ലുള്പ്പെടെയുള്ളവ റോഡിലേക്ക് തെറിച്ചുവീണ് ഗതാഗത തടസ്സമുണ്ടായി.
മതില് തകര്‍ന്നതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായി നിന്ന രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റി. നടയറ പള്ളിയുടെ ഒരു വശത്തെ മതിലിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗത തടസ്സമുണ്ടായി. ശിവഗിരി തുരപ്പ് ആരംഭിക്കുന്ന ഭാഗത്തും മണ്ണിടിച്ചിലുണ്ടായി.വർക്കല നഗരസഭയിലെ വള്ളക്കടവ്, തൊട്ടിപ്പാലം കനാൽപുറമ്പോക്ക് എന്നിവിടങ്ങളിലും മത്സ്യബന്ധന മേഖലയിലും ജനജീവിതം ദുരിതമയമാണ്. വര്‍ക്കല വള്ളക്കടവില്‍ ടി.എസ്. കനാലിനു സമീപം ആറോളം വീടുകളിലേക്ക് വെള്ളംകയറി. തുടർന്ന്, പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി.
ഇടവ പഞ്ചായത്തിലെ മേക്കുളം, പുന്നകുളം, പൊട്ടക്കുളം, കാപ്പിൽ, കണ്ണംമൂട്, വെൺകുളം ഏലാകൾ നിറഞ്ഞു കവിഞ്ഞു. വെട്ടൂർ തീരദേശ മേഖലയും കനാൽപുറമ്പോക്ക് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെട്ടൂർ ഏലാത്തോടും നിറഞ്ഞൊഴുകുന്നു.
ചെമ്മരുതിയിലെ ഏലാകളും തോടുകളും നിറഞ്ഞു. കല്ലണയാറും അയിരൂർ ആറും കരകവിഞ്ഞൊഴുകുന്നു. പാടശേഖരങ്ങളെല്ലാം വെള്ളക്കെട്ടായി. കല്ലണയാറിന് സമീപത്തുള്ള മൂന്ന് വീടുകളില്‍ വെള്ളം കയറി. ചെമ്മരുതിയിൽ മാത്രം അഞ്ച് ഏക്കർ കൃഷിയാണ് നശിച്ചത്. കൂട്ടപ്പുര ബണ്ട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബുധനാഴ്ച സന്ധ്യയോടെ പൊളിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു.
ഇലകമൺ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും ഏലാകളും വെള്ളത്തിലാണ്. ഇലകമൺ പോസ്റ്റ് ഒാഫിസ് റോഡിലെ കനത്ത വെള്ളക്കെട്ടു മൂലം ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായി. റോഡിനിരുവശങ്ങളിലുമുള്ള വീടുകൾക്കും വെള്ളക്കെട്ട് ദുരിതം വിതച്ചു.കായൽപ്പുറം, അയിരൂർ, സംഗമം ഏലാ പ്രദേശങ്ങൾ വെള്ളത്തിലായി. കായലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
വെള്ളം കയറി; വീടുകൾ തകർച്ചാ ഭീഷണിയിൽ
ആറ്റിങ്ങല്‍: ശക്തമായ മഴയില്‍ വെള്ളം കയറിയതിനെത്തുടർന്ന് തച്ചൂര്‍കുന്ന് കലുങ്ക് - അവനവഞ്ചേരി ഇണ്ടിളയപ്പന് റോഡിലെ പത്തോളം വീടുകൾ അപകടാവസ്ഥയിൽ. വെള്ളമിറങ്ങാത്തതിനാല്‍ വീടുകള്‍ ബലക്ഷയത്തിലാണ്.
മുന്‍ കാലങ്ങളില്‍ വയല്‍ നികത്തിയ ഭാഗങ്ങളില്‍ വെച്ച വീടുകളാണ് ഇപ്പോള്‍ അപകടാവസ്ഥയിലുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ശക്തമായ മഴ തുടരുന്നത് വെള്ളം കൂടുന്നതിന് കാരണമായി.
ഇവിടെ നിന്ന് വെള്ളം കയറിയ വീടുകളിലുള്ളവരെ നഗരസഭ ഇടപെട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. വെള്ളം തങ്ങിനില്ക്കുന്നത് കാരണം വീടുകളുടെ ഭിത്തിക്ക് ബലക്ഷയം സംഭവിച്ച് പാളികളായി ഇളകിവീഴുന്നു. ഈ ഭാഗത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
കവലയൂരിൽ വെള്ളക്കെട്ട്
കവലയൂർ: മഴ പെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഗതാഗതം ദുഷ്കരമാകുന്നു. കവലയൂർ പാലത്തിനടുത്തുള്ള ഭാഗത്താണ് കാൽനടപോലും സാധ്യമാകാത്തവിധം ഓടയിലെ വെള്ളം റോഡിൽ നിറഞ്ഞൊഴുകുന്നത്. റോഡിന് വീതികൂട്ടിയപ്പോൾ ഓടയുടെ നിർമാണം വെള്ളം ഒഴുകിപ്പോകുന്നവിധം കൃത്യമായി നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒാടവഴി േതാട്ടിലേക്ക് ഒഴുകാൻ തടസ്സം നേരിടുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ഈ ഭാഗത്തെ മണമ്പൂർ വില്ലേജ് റസിഡൻറ്്സ് വെൽഫെയർ സഹകരണസംഘടമടക്കമുള്ള സ്ഥാപനങ്ങളിലും കടകളിലും വെള്ളം കയറി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.