വർക്കല: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവാക്കിയ യുവാവ് അറസ്റ്റിൽ. വെട്ടൂർ വലയന്റെ കുഴി തൻസി മൻസിലിൽ ഷാജഹാനാണ് (45) പിടിയിലായത്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള സ്ഥിരം കുറ്റവാളിയാണ് ഷാജഹാൻ.
ഞായറാഴ്ച വൈകീട്ട് ഏഴോടെ വലയന്റെ കുഴി അയോദ്ധ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മുന്നിൽ സുഹൃത്തിനെയും കൂട്ടിയെത്തി വാടിവാളുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികളെ വഴിയിൽ തടഞ്ഞുനിർത്തി അശ്ലീലവും അസഭ്യവും പറയുന്നത് പതിവാണെന്നും ഏത് സമയവും ഇയാളുടെ കൈയിൽ ആയുധം ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് വർക്കല എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വടിവാൾ പിടിച്ചെടുത്തു. അപകടകരമാംവിധം ആയുധം ശേഖരിക്കുകയും കൈവശംവെക്കുകയും ചെയ്തതിന് കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത പെണ്മക്കളും മറ്റ് ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐയോടും ഡ്യൂട്ടിലുള്ള പൊലീസുകാരോടും തർക്കിക്കുകയും മോശമായി പെരുമാറുകയും ചെയ്തായും പരാതിയുണ്ട്. സ്റ്റേഷനിൽ പ്രശ്നം സൃഷ്ടിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ താക്കീത് നൽകി വിട്ടയച്ചു.
വധശ്രമം, ബലാത്സംഗം, അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസിൽ പലതവണ ജയിൽശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് സ്റ്റേഷൻ ചാർജ്ജുള്ള അഞ്ചുതെങ്ങ് എസ്.എച്ച്.ഒ പ്രൈജു പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിരാജ്, ഷിജു, സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, ശംഭു, സേതു, ഷജീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.