വർക്കല: പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ പെരുംകുളം കൗൺസിലറുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വേനൽ കടുത്തതോടെ നഗരസഭ പ്രദേശത്ത് ജലദൗർലഭ്യം രൂക്ഷമായെങ്കിലും പെരുംകുളം നിവാസികൾക്ക് കുളം ആശ്വാസമായി. വർഷങ്ങളായി പെരുംകുളം നവീകരണത്തിനായി നഗരസഭ ബജറ്റിൽ വലിയ തുക നീക്കിവെക്കുന്നത് പതിവായിരുന്നു.
തുക ചെലവാക്കിയിട്ടും വൃത്തിയാകാതെ കിടന്ന പെരുങ്കുളത്തെയാണ് പായൽ നീക്കി മനോഹരമാക്കിയത്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് ദൗത്യമേറ്റെടുത്ത് വിജയിപ്പിച്ചത്.
വാർഡ് പ്രതിനിധി എൻ. ശ്രേയസ്സ് കോവിഡ് വ്യാപനവേളയിൽ നാട്ടുകാരുടെ സഹകരണത്തോടെ ചെറിയ തോതിൽ കുളം വൃത്തിയാക്കൽ ആരംഭിച്ചു. ശ്രമദാനത്തിൽ പരിസരവാസികളായ ചെറുപ്പക്കാരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളായി. പായലും പുല്ലും മണ്ണും നീക്കം ചെയ്യുന്ന ശ്രമകരമായ ജോലി ദിവസങ്ങളോളം നീണ്ടു.
പായൽ പ്രതിരോധത്തിന് 'ഗ്രാസ് കാർപ്പ്' മത്സ്യക്കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിച്ചു. വേനൽക്കാലമായതോടെ നാട്ടുകാർക്ക് കുളിക്കാനും വസ്ത്രം അലക്കാനും ശുചീകരിച്ച പെരുംകുളം വലിയ ആശ്വാസമായി. പായലും പുല്ലും ചളിയും നീക്കം ചെയ്ത് പെരുംകുളത്തെ സുന്ദരിയാക്കിയ കൗൺസിലറെയും ജനകീയ കൂട്ടായ്മയെയും നാട്ടുകാരും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.