വർക്കല: ടി.എസ് കനാൽ നവീകരണം നടക്കുന്ന താഴെവെട്ടൂർ ഭാഗത്ത് നാട്ടുകാർ അപകട ഭീതിയിൽ. വർക്കല-അഞ്ചുതെങ്ങ് തീരദേശ റോഡിലെ താഴെവെട്ടൂർ തൈക്കാവ് ഭാഗത്തെ ഹൈടെൻഷൻ വൈദ്യുതി പോസ്റ്റുകൾ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലായതാണ് ഭീതി വിതച്ചത്.
വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന് കരാറെടുത്ത കമ്പനി ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രദേശത്തെ ടി.എസ് കനാൽ നവീകരണത്തിനായി കനാലിലെ മണലും ചളിയും നീക്കം ചെയ്തത് മുതൽതന്നെ ഇവിടെ പ്രശ്നങ്ങൾ രൂപംകൊണ്ടതാണ്. ശാസ്ത്രീയ പഠനമില്ലാതെ കനാൽ തോണ്ടിയതും വീതി കൂട്ടാനായി കരകൾ ഇടിച്ചതും പ്രത്യാഘാതങ്ങളുണ്ടാക്കി. പൊതുവേ ഉറപ്പില്ലാത്ത കരകൾ വൻതോതിലാണ് കനാലിലേക്ക് ഇടിഞ്ഞുതാണത്.
ഇപ്പോൾ മഴക്കാലംകൂടി ആയതോടെ ബലക്ഷയമുണ്ടായ കനാൽതീരത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന പോസ്റ്റുകളാണ് ഏതുനിമിഷവും നിലംപൊത്തുമെന്ന നിലയിൽ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്.
പോസ്റ്റ് മറിഞ്ഞുവീണാൽ വൈദ്യുതി കമ്പികൾ നിലംപൊത്തുമെന്ന സ്ഥിതിയാണ്. അങ്ങനെയൊരു അപകടം ഉണ്ടായാലത്തെ സ്ഥിതി വിവരണാതീതമാണ്. പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും വെട്ടൂർ മേഖലയിലെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും നടന്നുപോകാൻപോലും കഴിയാത്തവിധത്തിൽ റോഡ് പൂർണമായും ഇടിച്ചുതോണ്ടിയിട്ടിട്ട് വർഷം രണ്ടുകഴിഞ്ഞു.
ഇതുവരെയും പോസ്റ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഈ പോസ്റ്റുകൾ മാറ്റിസ്ഥാപിച്ചാലേ റോഡ് പുനർനിർമാണം സാധ്യമാകൂ. നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ 2021 ഒക്ടോബറിലാണ് തീരദേശ റോഡ് വിണ്ടുകീറി ഇടിഞ്ഞുവീണതും തന്മൂലം ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചതും. കനാലിന്റെ അശാസ്ത്രീയ നിർമാണമാണത്തിനെതിരെ നാട്ടുകാർ നൽകിയ മുന്നറിയിപ്പുകളൊന്നും ബന്ധപ്പെട്ടവരാരും ചെവിക്കൊള്ളാഞ്ഞതാണ് സകല പ്രശ്നങ്ങൾക്കും കാരണമായത്.
വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കിടെ കേടുപാട് സംഭവിച്ചിട്ടുണ്ട്. തന്മൂലം പ്രദേശത്തെ എൺപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.
താഴെവെട്ടൂർ ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി ടി.എസ് കനാലിന്റെ കരയിൽ 75 മീറ്റർ നീളത്തിലാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ, ആറുമാസം കൊണ്ട് ജോലി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരാർ കമ്പനിക്കാരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.