വർക്കല: കാർഷികമേഖലയിൽ വർഷാവർഷം ഇലകമൺ പഞ്ചായത്ത് ബജറ്റിൽ രൂപം നൽകുന്ന പദ്ധതികൾ മിക്കതും ഫലം കാണുന്നില്ല. ഏറിയപങ്കും പാടശേഖരങ്ങളും തരിശായി തുടരുന്ന സ്ഥിതിയാണ് പഞ്ചായത്തിൽ. ഇലകമൺ, ഹരിഹരപുരം, കിഴക്കേപ്പുറം പാടശേഖരങ്ങൾക്കാണീ ദുഃസ്ഥിതി. അയിരൂർ സങ്കേതം ഏലായിൽ മാത്രമാണ് ഇപ്പോൾ നെൽകൃഷിയുള്ളത്. പഞ്ചായത്തിലെ ഏലാത്തോടുകളിൽ സ്വകാര്യ വ്യക്തികളുടെ കൈയേറ്റം നിർബാധം തുടരുന്നുണ്ട്. തോട് സംരക്ഷണഭിത്തിയുടെ തകർച്ചയും പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു. തോടുകളുടെ സംരക്ഷണം വലിയ ചോദ്യചിഹ്നമാണ്.
കളത്തറ വാർഡിൽ പുതുവലിൽ നിന്നാരംഭിച്ച് 10 കിലോമീറ്റർ ദൂരം വരെ ഒഴുകുന്ന വിശാലമായ തോടുപോലും നാശത്തിന്റെ പാതയിലാണ്. ഏകദേശം മൂന്ന് മീറ്റർ ശരാശരി വീതിയുള്ള തോടിന്റെ പർശ്വഭിത്തികളും അതോടനുബന്ധിച്ചുള്ള നടപ്പാതകളും തകർന്നുതരിപ്പണമായി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിലുള്ള തോടിന്റെ സംരക്ഷണത്തിന് അധികൃതർക്ക് താൽപര്യമേയില്ല. തോട് സംരക്ഷിച്ച് പഞ്ചായത്തിന്റെ കാർഷികമേഖലയെ പുഷ്ടിപ്പെടുത്താനും കർഷകർക്ക് താങ്ങാകാനും ഇതുവരെ കാര്യമായ പദ്ധതികൾ ഒന്നുംതന്നെ ആലോചിച്ചിട്ടുകൂടിയില്ല.
തോടിന്റെ പൊട്ടിയ പാർശ്വഭിത്തികളിലൂടെ മഴക്കാലത്ത് മലിനജലം കുത്തിയൊഴുകി ജനവാസമേഖലയിൽ വെള്ളപ്പൊക്കമുണ്ടാകുന്നു. ഇടക്കാലത്ത് തോടുകളുടെ അവസ്ഥ മനസ്സിലാക്കാൻ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നടത്തിയ ജലനടത്തം പരിപാടി ചടങ്ങിലൊതുങ്ങി. തകർന്ന ഭാഗങ്ങൾ തിട്ടപ്പെടുത്തിയതല്ലാതെ മറ്റൊന്നും നടന്നില്ലെന്ന് പഞ്ചായത്ത് അംഗമായ വിനോജ് വിശാൽ ഏറ്റുപറയുന്നു. വിനോദസഞ്ചാരത്തിന് വലിയ സാധ്യത കൽപിക്കുന്ന മേഖലയിൽ ഇലകമൺ, ഹരിഹരപുരം, കിഴക്കേപ്പുറം ഏലാകളിൽ വ്യാപകമായി കൃഷി പ്രോത്സാഹിപ്പിക്കാൻ ഫാം ടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെങ്കിലും തുടർനടപടികൾ വഴിമുട്ടിയിരിക്കുകയാണ്. തരിശ് നിലങ്ങളിൽ കൃഷി ഇറക്കിയിറക്കി തോടുകളുടെ നവീകരണവും ഒപ്പം നടപ്പാത നിർമാണവും സാധ്യമായാൽ വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാകും. വിശാലമായ കായൽ കൂടി ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ കാർഷിക പാരമ്പര്യം നിലനിർത്താൻ പുതുമയുള്ള പദ്ധതികൾ അനിവാര്യമാണെന്ന് കർഷകനും പൊതുപ്രവർത്തകനുമായ ബി. കംസനും പറയുന്നു.
ഇലകമൺ പഞ്ചായത്തിലെ പുതുവൽ ഭാഗത്തുനിന്ന് ആരംഭിക്കുന്ന ഏലാ തോടിലേക്ക് ആശുപത്രി മാലിന്യം കലരുന്നതിൽ കടുത്ത ആശങ്ക. കരവാരം ഏറത്തുവാതുക്കൽ റോഡിനുസമീപത്തെ ഏലാത്തോടിലേക്ക് നിറവ്യത്യാസത്തോടെയും രൂക്ഷഗന്ധത്തോടെയുമുള്ള വെള്ളം പാടത്തിനുസമീപത്തുനിന്ന് ഒഴുകി കലരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏലാ തോടുകളിൽ നിത്യവും കുളിക്കാനും തുണിയലക്കാനും നിരവധി പേരാണ് എത്തുന്നത്. പഞ്ചായത്ത് ആരോഗ്യവിഭാഗം ജാഗ്രത കാട്ടണമെന്ന പഞ്ചായത്ത് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും കർഷകരുടെയും മുറവിളി ബധിരകർണങ്ങളിൽ പതിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.