representational image

പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷ ജീവനക്കാരെ ഹോട്ടലില്‍ പൂട്ടിയിട്ടു

വെള്ളറട: ആര്യങ്കോട് ചെമ്പൂരില്‍ പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ ഹോട്ടലില്‍ പൂട്ടിയിട്ടു. വ്യാഴാഴ്ച ചെമ്പൂര് വലിയവിളപ്പുറത്തുള്ള വിന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള അജീഷ് ഹോട്ടലിലാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ പാറശ്ശാല ഭക്ഷ്യസുരക്ഷ ഓഫിസില്‍നിന്ന് പരിശോധനക്കെത്തിയ വനിത ജീവനക്കാരുള്‍പ്പെടെയുള്ളവരെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ പൂട്ടിയിട്ടത്.

ഭക്ഷ്യസുരക്ഷ വിഭാഗം കമീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഹോട്ടലില്‍ നേരത്തേ പരിശോധന നടത്തിയിരുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആഹാരങ്ങള്‍ പാകംചെയ്യുന്നതെന്നും പഴകിയ ഭക്ഷണമാണ് വില്‍ക്കുന്നതെന്നും പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കടയ്‌ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

പോരായ്മകള്‍ പരിഹരിച്ച് തുറക്കാന്‍ അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു. എന്നാല്‍, ഇത് പാലിക്കാതെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സ്ഥാപനം തുറന്നിരിക്കുന്നത് ശ്രദ്ധയിൽപെട്ടു.

തുടര്‍ന്ന് ആര്യങ്കോട് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഇതിനിടയില്‍ ജീവനക്കാരെ തടഞ്ഞുവെച്ച് കടക്കുള്ളിലാക്കി പൂട്ടുകയായിരുന്നു. സംഭവമറിഞ്ഞ് ആര്യങ്കോട് എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ സ്ഥാപനം സീല്‍ ചെയ്തു.

Tags:    
News Summary - The food safety personnel who came for inspection were locked in the hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.