വെള്ളറട: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനുമുന്നിലെ റോഡില്‍വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍മാറാതെ പ്രദേശവാസികള്‍. മായം അല്ഫോണ്സമാതാ കടവ് റോഡില്‍ ഈരൂരിക്കല്വീട്ടില് രാജിമോളാണ്(38) കൊല്ലപ്പെട്ടത്. കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. കൃത്യത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ (മനു-50) നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ദാമ്പത്യത്തകര്ച്ചയെത്തുടര്ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റക്കുമാണ് താമസിച്ചിരുന്നത്. ഇടക്കിടെ കുടുംബക്കാര് നടത്തിയ അനുരഞ്ജനശ്രമങ്ങളും ഫലം കണ്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് അയല്‍വാസികളായ ഇവർ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹിതരായത്. മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കുമുമ്പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജിമോൾ. മായം കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയശേഷം മടങ്ങുകയായിരുന്ന രാജിമോളെ പിന്നാലെയെത്തിയ മനോജ് മുഖത്തും കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. കുടകൊണ്ട് തടുക്കാനുള്ള ശ്രമം വിഫലമായി. റോഡില്‍ വീണ രാജിയെ വീണ്ടും ഇയാള്‍ ആക്രമിച്ചു.
ഉച്ചയായതിനാല്‍ റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതുവഴി മായത്തേക്കുവന്ന കാട്ടാക്കട ഡിപ്പോയിലെ ബസിലെ ഡ്രൈവറും യാത്രക്കാരുമാണ് ദേഹമാസകലം രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ വീട്ടിലെ പൈപ്പില്‍നിന്ന് രക്തക്കറ കഴുകി മനോജ് അകത്തുകയറിയിരുന്നു. നാട്ടുകാരെത്തി രാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പൊലീസെത്തിയാണ് വീട്ടില്‍നിന്ന് മനോജിനെ പിടികൂടിയത്. പിടിവലിക്കിടെ കൈയില്‍ മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുപോയി. നെയ്യാര്‍ഡാം സി.ഐ രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കര്‍ണാടകയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ ആഷ്ലി സെബാസ്റ്റ്യനും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനുമാണ് ഇവര്‍ക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.