വെള്ളറട: വീട്ടില്‍ ആളില്ലാത്ത സമയത്ത് ആക്സിസ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി. ഹൃദ്രോഗിയായ വീട്ടുടമ വീട്ടില്‍ കയറാനോ മരുന്ന് എടുക്കാനോ കഴിയാതെ ബുദ്ധിമുട്ടിലായി. കോവിലൂര്‍ വട്ടം റോഡരികത്ത് വീട്ടില്‍ സുനിലിനാണ് (45) ആണ് വീട്ടില്‍ കയറാന്‍ കഴിയാതായത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു ബാങ്ക് അധികൃതരുടെ രഹസ്യനടപടി. വീട്ടുടമസ്ഥനും ഭാര്യക്കും മക്കള്‍ക്കും മാറിയുടുക്കാനുള്ള വസ്ത്രമുൾപ്പെടെ വീട്ടിനുള്ളിലാക്കിയാണ് ബാങ്ക് അധികൃതര്‍ രഹസ്യമായി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സുനില്‍ ആക്സിസ് ബാങ്കില്‍നിന്ന് വീട് നിര്‍മാണത്തിനായി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലതവണയായി നാലുലക്ഷത്തോളം രൂപ ബാങ്കില്‍ അടക്കുകയും ചെയ്തു. ഉടന്‍തന്നെ സുനില്‍ നാല് ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ ജപ്തി നടപടിയില്‍നിന്ന് ഒഴിവാക്കാമെന്നാണ് ബാങ്ക് അധികൃതരുടെ ഭാഷ്യം. സുനിലിന് ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട് യഥാസമയം പൈസ അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ബാങ്ക് അധികൃതര്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോയത്. ഡോക്ടറുടെ കുറിപ്പടിയും മരുന്നുമടക്കം വീട്ടിനുള്ളിലായതുകൊണ്ട് മരുന്ന് കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. ബാങ്കിന്റെ കര്‍ശന നിലപാടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.