വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കിഴക്കന്‍മല കുടിവെള്ളപദ്ധതിയുടെ ഭാഗമായ മലമുകളിലെ ജലസംഭരണിയുടെയും ശുചീകരണ പ്ലാന്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി. വിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നത് ഏറക്കുറെ പൂര്‍ത്തിയായി. വെള്ളം പമ്പുചെയ്യുന്ന മൂന്നാറ്റിന്‍മുക്ക് പമ്പ് ഹൗസിന്റെ നവീകരണവും ആരംഭിച്ചു. കിഫ്ബിയില്‍നിന്ന് അനുവദിച്ച 45 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിനിര്‍മാണം. ചിക്കാഗോ എന്ന കമ്പനിയാണ് പണികള്‍ നടത്തുന്നത്. മൂന്നാറ്റിന്‍മുക്ക് പമ്പ് ഹൗസില്‍നിന്ന് പമ്പുചെയ്യുന്ന നെയ്യാറിലെ വെള്ളമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. നെയ്യാറില്‍നിന്ന് വെള്ളം കിഴക്കന്മലയില് എത്തിച്ചശേഷം അവിടെ നിര്‍മിച്ച ആറുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 10 എം.എല്‍.ഡി ട്രീറ്റ്മെന്റ് പ്ലാന്റില്‍ ശേഖരിച്ച് ശുചീകരിച്ചശേഷമാണ് വിതരണം. കുറ്റ്യാണിക്കാടില്നിന്ന് കിഴക്കന്മലയിലെ സംഭരണിവരെ നീളുന്ന ഒന്നരക്കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെ നവീകരണവും യുദ്ധകാലാടിസ്ഥാനത്തിലാണ്.
മൂന്നാറ്റിന്‍മുക്ക് കുടിവെള്ളപദ്ധതിയുടെ ഭാഗമായി മുമ്പ് നിര്‍മിച്ച പമ്പ് ഹൗസും കിണറും ഈ പദ്ധതിക്കായി കൂടുതല്‍ വിസ്തൃതിയില്‍ നവീകരിക്കുകയാണ്. ഇവിടെ പുതുതായി 360 എച്ച്.പി പമ്പ് സ്ഥാപിക്കും. ഇവിടെനിന്ന് 450 മി.മീറ്റർ വ്യാസമുള്ള ഡക്ട്ല് അയണ്‍ പൈപ്പുകളിലൂടെയാണ് വെള്ളം കിഴക്കന്മലയിലെ 10 എം.എല്‍.ഡി ശുചീകരണപ്ലാന്റില്‍ എത്തിക്കുന്നത്. അവിടെനിന്ന് ശുചീകരിച്ച് അടുത്തായി നിര്‍മിച്ച ആറുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയില്‍ ശേഖരിക്കുന്നു. പിന്നീട് അവിടെനിന്ന് പമ്പുചെയ്ത് 100 മീറ്റര്‍ അകലെ പുതുതായി നിര്‍മിക്കുന്ന സംഭരണിയില്‍ എത്തിച്ച് നിലവിലുള്ളതും പുതുതായി സ്ഥാപിച്ചിട്ടുള്ള ജലവിതരണ ശൃംഖലകള്‍വഴി വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യും.
കൂടാതെ ജലവിതരണം സുഗമമാക്കാന്‍ പഴമല, അരുവിപ്പുറം, ചിലമ്പറ, ഒഴുകുപാറ, മൈലച്ചല്, ഞെടിഞ്ഞില്കുന്ന് എന്നിവിടങ്ങളിലും പുതിയ സംഭരണികള്‍ നിര്‍മിക്കും. കാളിപ്പാറ കുടിവെള്ളപദ്ധതിയിലെ വെള്ളം ആര്യങ്കോട് പഞ്ചായത്തില്‍ എത്താത്തതിനാല്‍ മൂന്നാറ്റിന്‍മുക്ക് പദ്ധതിയിലെ വെള്ളമാണ് ജലജീവന്‍ പദ്ധതിയിലൂടെ പഞ്ചായത്ത് പ്രദേശത്ത് എത്തിക്കുന്നത്. ഇതും കാര്യക്ഷമമല്ലാത്തതിനാല്‍ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിഴക്കന്‍മല പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആര്യങ്കോട് പഞ്ചായത്തില്‍ പൂര്‍ണമായും പെരുങ്കടവിള പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും കുടിവെള്ളം എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.