മണ്ണിടിച്ചിലുണ്ടായ ഭാഗം

മണ്ണിടിച്ചിലില്‍ മൂന്നാം തവണയും വീട് തകര്‍ന്നു

വെള്ളറട: കള്ളിക്കാട് പഞ്ചായത്തിലെ കാളിപ്പാറ വാര്‍ഡില്‍ മണ്ണിടിച്ചിലില്‍ മൂന്നാം തവണയും വീട് തകര്‍ന്നു. കാളിപ്പാറ ആടുവള്ളിയിലെ സുമംഗല ഭവനില്‍ മോഹന്റെ വീടാണ് മണ്ണിടിച്ചിലില്‍ മരങ്ങളും പാറയും വീണ് മൂന്നാമത്തെ തവണ തകര്‍ന്നത്. മുമ്പ് വീടു തകര്‍ന്ന സമയത്ത് മാറ്റിത്താമസിപ്പിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

ഇതിനുമുമ്പ് വീട് തകര്‍ന്നപ്പോള്‍ ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് മോഹന്റെ കുടുംബത്തെ നെയ്യാര്‍ഡാം ക്വാര്‍ട്ടേഴ്‌സിലാണ് താമസിപ്പിച്ചിരുന്നത്. പിന്നീട് വാടകവീടെടുത്തുനല്‍കി.

മഴ പെയ്താല്‍ സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശത്തുനിന്ന് സുരക്ഷിതമായ സ്ഥലത്ത് വീടുെവച്ചുനല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് കലക്ടറേറ്റില്‍ നിന്ന് ലഭിച്ചതായും മോഹന്‍ പറയുന്നു. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല.

മ​ണ്ണി​ടി​ഞ്ഞ് ത​ക​ര്‍ന്ന വീ​ട്ടി​നു​ള്ളി​ല്‍ മോ​ഹ​ന്‍

കാഴ്ചപരിമിതിയുള്ള ഭാര്യയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് വീട്ടിലുള്ളത്. അതിനാല്‍ പ്രാണഭയം മൂലം വീട്ടില്‍ താമസിക്കാനാകുന്നില്ലെന്ന് മോഹന്‍ പറയുന്നു. വീടിന്റെ മുകള്‍ഭാഗത്ത് പാറക്കൂട്ടങ്ങളാണുള്ളത്. കള്ളിക്കാട് പഞ്ചായത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴ മൂലമുണ്ടായ മണ്ണിടിച്ചിലില്‍ മോഹന്റെ വീടിന് മുകള്‍ഭാഗത്തെ പുരയിടത്തില്‍ നിന്നുള്ള പാറകള്‍ ഉള്‍പ്പെടെയുള്ളവ ഒലിച്ചുവന്നാണ് വീടു തകര്‍ന്നത്.

മുമ്പും സ്ഥലത്ത് ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മണ്ണിടിച്ചിലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. അടുക്കള ഭാഗം തകര്‍ന്നെങ്കിലും കഷ്ടിച്ച് ആളപായം ഒഴിവായി. നിലവില്‍ വീടുള്ളതിനാല്‍ ലൈഫ് ഭവന പദ്ധതിയിലും ഉള്‍പ്പെടുത്താനാകുന്നില്ല.

ദുരന്തഭീഷണി നേരിടുന്ന കുടുംബത്തെ ഈ വീട്ടില്‍നിന്ന് എത്രയും വേഗം മാറ്റി പാര്‍പ്പിക്കണമെന്നും പുതിയ വീടും സ്ഥലവും അധികൃതര്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. പഞ്ചായത്ത് അംഗവും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലത്തെത്തി. 

Tags:    
News Summary - The house collapsed for the third time due to landslides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.