പുറമ്പോക്ക് ഭൂമിയിലെ ആഞ്ഞിലിമരം മുറിച്ചുകടത്തിയ പ്രതികള്‍ പിടിയിൽ

വെള്ളറട: കാരക്കോണം കൂനമ്പനയില്‍ റവന്യൂഭൂമിയിലെ ലക്ഷങ്ങള്‍ വിലവരുന്ന ആഞ്ഞിലിമരം മുറിച്ചുകടത്തിയ പ്രതികള്‍ പിടിയിലായി. കുന്നത്തുകാല്‍ തച്ചംകോട് ആര്‍.എസ് നിവാസില്‍ ശിവകുമാര്‍ (42) ശാസ്തമംഗലം സി.പി.ജി.പി ലെയ്‌ൻ ഹൗസ് നമ്പര്‍ -27 ടിസി 9/1775/3ല്‍ പ്രസാദ് (47) എന്നിവരാണ് പിടിയിലായത്. മുറിച്ചു കടത്തിയ മരത്തിന്‍റെ തടി നിലമാമൂട് വ്ലാങ്കുളത്തുനിന്ന് വെള്ളറട െപാലീസ് കണ്ടെത്തി. 22 കഷണം തടിയാണ് കണ്ടെത്തിയത്.

അമരവിള കാരക്കോണം റോഡില്‍ കൂനന്‍പന ജങ്ഷനുസമീപത്തുള്ള ആഞ്ഞിലി മരങ്ങളില്‍ ഒന്നാണ് ഒരുമാസം മുമ്പ് മുറിച്ചുകടത്തിയത്. ഹെവി കട്ടിങ് മെഷീനുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെയായിരുന്നു മരംമുറി. പൊതുമരാമത്തുവകുപ്പ് ലേലം ചെയ്തു നല്‍കിയതാണെന്നാണ് വിവരം തിരക്കിയെത്തിയ സമീപവാസികളോട് സംഘം പറഞ്ഞിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഉേദ്യാഗസ്ഥരെത്തിയപ്പോഴാണ് മരം ലേലംചെയ്തുനല്‍കിയതല്ല എന്ന വിവരം പുറത്തായത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാല്‍ മേഖലയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ െപാലീസില്‍ പരാതി നല്‍കി. റവന്യൂവകുപ്പിന് ഭൂമി അളന്നുതിട്ടപ്പെടുത്താനുള്ള പ്രത്യേക അപേക്ഷയും നല്‍കി. താലൂക്ക് റീ സര്‍വേ സംഘം സ്ഥലത്തെത്തി അളവ് നടത്തി മരം നിന്ന സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയ വെള്ളറട െപാലീസ് മരം ലോഡ് കയറ്റിയ ചുമട്ടുതൊഴിലാളി യൂനിയന്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണിജോസ് നെറ്റോ, എസ്.ഐ മാരായ സുരേഷ്‌കുമാര്‍, മണിക്കുട്ടന്‍, സി.പി.ഒമാരായ ദീപു, പ്രതീപ്, പ്രഭുല്ലചന്ദ്രന്‍, സജിന്‍ അടങ്ങുന്ന സംഘമാണ് തടി പിടിച്ചെടുത്തത്.

Tags:    
News Summary - Tree theft form land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.