തിരുവനന്തപുരം: മാലിന്യ സംസ്കരണ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപവത്കരിക്കാൻ നിർദേശം. ‘നവകേരളം വൃത്തിയുള്ള കേരളം’ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും തദ്ദേശ സ്ഥാപന ടീമിനുമുള്ള പരിശീലനത്തിലാണ് കലക്ടർ ജെറോമിക് ജോർജ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
കാമ്പയിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തവും കലക്ടര്‍ വിശദീകരിച്ചു. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപവത്കരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എസ്. എച്ച്. ഒമാരുടെ സഹായം തേടണം. രാത്രിയുടെ മറവില്‍ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെയും കത്തിക്കുന്നവരെയും പിടികൂടുന്നതിനായി ‘നൈറ്റ് സ്ക്വാഡ്’ കാര്യക്ഷമമാക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, തദ്ദേശ സ്വയംഭരണ ജോ. ഡയറക്ടര്‍ അനില്‍കുമാര്‍, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ ഫെയിസി, നവകേരളം ജില്ലാ കോഓഡിനേറ്റര്‍ അശോക്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ഉല്ലാസന് തുടങ്ങിയവര്‍ പങ്കെടുത്തു.
വനശ്രീയില്‍ നടന്ന പരിശീലന പരിപാടിയില്‍ ഡെപ്യൂട്ടി കമീഷണര്‍ വി. അജിത് പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ പരിപാലന നടപടികള്‍ക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കും. വാഹനങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പൊലീസിന്റെ സഹായം അദ്ദേഹം ഉറപ്പു നല്കി. മാലിന്യ സംസ്കരണ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമവകുപ്പുകളെ ക്കുറിച്ചും ഡെപ്യൂട്ടി കമീഷണര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന ടീമിന്റെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് തല ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.