വിഴിഞ്ഞം: ലൈഫ് മിഷൻ പദ്ധതി പ്രകാരം വെങ്ങാനൂർ പഞ്ചായത്തിൽ നിർമിച്ച മഹാത്മ അയ്യൻകാളി ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടിയാണ് ഭവന സമുച്ചയം നിർമിച്ചത്.
വെള്ളാറിൽ പഞ്ചായത്ത് വിലക്കുവാങ്ങിയ 20 സെൻറ് ഭൂമിയിൽ പഞ്ചായത്ത് വിഹിതമായ 2.53 കോടി രൂപയും ജില്ല പഞ്ചായത്ത് വിഹിതമായ 70 ലക്ഷം രൂപയും ഉൾപ്പെടെ 3.23 മൂന്നുകോടി രൂപ വിനിയോഗിച്ചാണ് ഇവ നിർമിച്ചത്. ഒരുവർഷം മുമ്പ് പണി പൂർത്തിയാക്കിയ ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് യഥാസമയം കൈമാറാത്തത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ജല, വൈദ്യുതി കണക്ഷനുകൾ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സമാണ് കാലതാമസത്തിനിടയാക്കിയെതെന്നാണ് അധികൃതർ കാരണമായി പറഞ്ഞത്. 500 ചതുരശ്ര അടിയിലുള്ള 21 ഫ്ലാറ്റുകളുള്ള സമുച്ചയം കോസ്റ്റ് ഫോർഡ് ആണ് നിർമിച്ചത്. ഇവിടത്തെ താമസക്കാർക്കായി അങ്കണവാടിയും തൊഴിൽ കേന്ദ്രവും ലിഫ്റ്റ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സുരേഷ് കുമാർ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുമെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. ശ്രീകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.