തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ഞായറാഴ്ച പുലർച്ചെ യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പൻതൊടിയിൽ ജെ. പ്രവീൺ (31) അറസ്റ്റിൽ. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്. ഗായത്രിയാണ് (24) അരിസ്റ്റോ ജങ്ഷനിലെ ചോള സാമ്രാട്ട് ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രവീൺ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണുമായി രണ്ടുവർഷം മുമ്പാണ് ഗായത്രി പ്രണയത്തിലായത്. നഗരത്തിലെ പ്രമുഖ സ്വർണവ്യാപാരകേന്ദ്രത്തിലെ റിസപ്ഷനിസ്റ്റായിരുന്നു ഗായത്രി. പ്രവീൺ ഡ്രൈവറും. ഭാര്യയുമായുള്ള വിവാഹമോചനത്തിനു ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പാണ് ഇയാൾ ഗായത്രിക്ക് നൽകിയിരുന്നത്. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ കഴിഞ്ഞവർഷം ഇവർ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി വഴക്കുണ്ടാക്കുകയും വിവരം ഗായത്രിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
ഇതോടെ ഗായത്രി ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച് അരുവിക്കുഴിയിലെ ജിംനേഷ്യത്തിൽ പരിശീലകയായി. എന്നാൽ, ഗായത്രിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പ്രവീൺ തയാറായില്ല. 2021 ഫെബ്രുവരിയിൽ ആരുമറിയാതെ തിരുവനന്തപുരത്തെ പള്ളിയിൽ ഗായത്രിയെ ഇയാൾ വിവാഹം കഴിച്ചു. ബന്ധം ഇരുവരും രഹസ്യമാക്കിവെച്ചു. എന്നാൽ, മൂന്നു ദിവസം മുമ്പ് പ്രവീണിനെ തമിഴ്നാട് തിരുവണ്ണാമലയിലേക്ക് കമ്പനി സ്ഥലം മാറ്റി. ഇതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തന്നെയും ഒപ്പം കൂട്ടണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച രാവിലെ 10.30ഓടെ പ്രവീണാണ് ഹോട്ടലിലെത്തി മുറി ബുക്ക് ചെയ്തത്. ഒച്ചക്ക് ഒന്നരയോടെ ഗായത്രി ഹോട്ടലിലെത്തി.
ഗായത്രിയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. എന്നാൽ, വീട്ടിലേക്ക് മടങ്ങാൻ ഗായത്രി ഒരുക്കമായിരുന്നില്ല. ആരുമറിയാതെ ഫോണിൽ സൂക്ഷിച്ചിരുന്ന പ്രവീണുമായുള്ള വിവാഹ ഫോട്ടോകൾ മുറിയിൽവെച്ച് വാട്സ്ആപ് സ്റ്റാറ്റസിലൂടെ ഗായത്രി പരസ്യമാക്കി. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമാകുകയും ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വൈകീട്ട് അഞ്ചരയോടെ മുറി പൂട്ടി പുറത്തുപോയ ഇയാൾ ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് മുറിയിൽ ഗായത്രി മരണപ്പെട്ട് കിടക്കുന്ന വിവരം റിസപ്ഷനിൽ വിളിച്ചറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ പരവൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം കീഴടങ്ങാൻ എത്തുന്നതിനിടെയാണ് പ്രവീണിനെ തിരുവനന്തപുരം സിറ്റി ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പരേതനായ മാരിയപ്പൻ-സുജാത ദമ്പതികളുടെ മകളാണ് ഗായത്രി. സഹോദരി: ജയശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.