ചാത്തമംഗലം: സെർവർ തകരാർമൂലം കോഴിക്കോട് എൻ.ഐ.ടിയിൽ യു.ജി.സി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ നടക്കേണ്ട ആദ്യ ഷിഫ്റ്റ് പരീക്ഷയാണ് മുടങ്ങിയത്.
രാവിലെ എട്ടോടെ വിദ്യാർഥികൾ പരീക്ഷ ഹാളിൽ ഹാജരായിരുന്നുവെങ്കിലും സെർവർ തകരാറിലായതുകാരണം കൃത്യസമയത്ത് പരീക്ഷ തുടങ്ങാനായില്ല. വെരിഫിക്കേഷനും വൈകി. രാവിലെ 10.30ഓടെ സാങ്കേതിക തകരാർ പരിഹരിച്ച് വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വീണ്ടും സെർവർ പണിമുടക്കി. ചോദ്യങ്ങൾ ഭാഗികമായോ മുഴുവനായോ തെളിയാത്ത അവസ്ഥയുണ്ടായി. തുടർചോദ്യങ്ങൾക്കായി ക്ലിക്ക് ചെയ്തപ്പോൾ 'സെഷൻ എക്സ്പയെർഡ്' സന്ദേശമാണ് ചിലർക്ക് ലഭിച്ചത്.
12 മണിയോടെ സെർവർ തകരാർ പരിഹരിച്ച് വിദ്യാർഥികളോട് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും പരീക്ഷ എഴുതാൻ തയാറായില്ല. ചോദ്യം തെളിയാത്ത അത്രയും നേരവും, പരീക്ഷക്ക് അനുവദിച്ച നിശ്ചിത സമയത്തിൽനിന്ന് കുറവ് വന്നതും വിദ്യാർഥികൾക്ക് വിനയായി. ഇതോടെ പരീക്ഷ മറ്റൊരു ദിവസം മാറ്റി നടത്തണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്തിറങ്ങി. ഇൻവിജിലേറ്റർമാർ മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.
നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് രാജ്യത്തെമ്പാടുമായി നെറ്റ് പരീക്ഷ നടത്തിയത്. ദേശീയതലത്തിൽ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറുകൾമൂലം പരീക്ഷ മുടങ്ങിയതായി വിവരമുണ്ട്. എന്നാൽ, കേരളത്തിൽ എൻ.ഐ.ടിയിൽ മാത്രമാണ് പരീക്ഷ തടസ്സപ്പെട്ടതെന്നും വിദ്യാർഥികൾ പറഞ്ഞു. ജൂലൈ, ഡിസംബർ സൈക്കിളുകൾ ഒരുമിച്ചാണ് ശനിയാഴ്ച പരീക്ഷ നടത്തിയത്.
ഉത്തരവാദികളല്ലെന്ന് എൻ.ഐ.ടി
നെറ്റ് പരീക്ഷ എഴുതുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് സ്ഥാപനമോ ഉദ്യോഗസ്ഥരോ ഉത്തരവാദികളല്ലെന്ന് എൻ.ഐ.ടി കാലിക്കറ്റ്. ന്യൂഡൽഹിയിലെ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. സാങ്കേതിക കോഓഡിനേറ്ററായി എഡിക്വിറ്റിയിലെ രണ്ട് സാങ്കേതിക വ്യക്തികളും എൻ.ടി.എയെ പ്രതിനിധീകരിച്ച് ഒരു നിരീക്ഷകനും സന്നിഹിതരായിരുന്നു.
പരീക്ഷ നടത്തുന്നതിനുള്ള സെർവർ എഡിക്വിറ്റി കൊണ്ടുവന്നതാണ്. എഡിക്വിറ്റി ടീം ഹോസ്റ്റ് ചെയ്ത സെർവർ പ്രശ്നമാണ് ലോഡിങ്ങിലെ മന്ദഗതിക്ക് കാരണം. 11.30 ഓടെ, സിറ്റി കോഓഡിനേറ്റർ, ഒബ്സർവർ, സെന്റർ എന്നിവർ നഷ്ടപ്പെട്ട സമയത്തിന് നഷ്ടപരിഹാരമായി അധിക സമയം നൽകാമെന്ന് നിർദേശങ്ങളും കൗൺസലിങ്ങും ഉറപ്പും നൽകിയിട്ടും ആവർത്തിച്ചുള്ള സർവർ തകരാർ കാരണം ചില ഉദ്യോഗാർഥികൾ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു. 44 ഉദ്യോഗാർഥികളുമായി 12 മണിക്ക് പരീക്ഷ പുനരാരംഭിക്കുകയും സാങ്കേതിക പിശകുകൾ കാരണം അവർക്ക് അധിക സമയം നൽകുകയും ചെയ്തു.
മറ്റൊരു ദിവസം വീണ്ടും പരീക്ഷ നടത്തണമെന്ന, ബഹിഷ്കരിച്ച ഉദ്യോഗാർഥികളുടെ ആവശ്യം ന്യൂ ഡൽഹിയിലെ എൻ.ടി.എ നിരസിച്ചിട്ടുണ്ട്. സംഭവം കോഴിക്കോട് എൻ.ഐ.ടിയുടെ ഭാഗത്തുനിന്നുള്ള പിഴവായി ചിത്രീകരിച്ചത് ഖേദകരമാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.