അടിമാലി: കാടിറങ്ങി തുടരെ മനുഷ്യ ജീവനെടുത്ത് വന്യ മൃഗങ്ങൾ കാടുകയറുന്നത് പതിവാക്കിയതോടെ ജില്ലയുടെ മലയോരം തീർത്തും ഭയപ്പാടിൽ. ദിവസങ്ങൾക്കിടെ നിരപരാധികളായ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോതമംഗലം എം.എ കോളജിലെ എൻജിനിയറിങ് വിദ്യാർഥിനി പാലക്കാട് കഞ്ചിക്കോട് വെസ്റ്റ് പുതുശ്ശേരി സ്വദേശിനി ആൻമേരി, കുട്ടമ്പുഴ ഉരുളൻ തണ്ണി കൊടിയാട്ട് എൽദോസ്, വാൽപാറ ഗജമുടി എസ്റ്റേറ്റിൽ ചന്ദ്രൻ എന്നിവരാണ് കാട്ടാന ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടി ഉണ്ടാകുന്നത്. എന്നാൽ, വനാതിർത്തികളിൽ കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ മുന്നൊരുക്കവും വനം വകുപ്പ് എടുക്കുന്നില്ല . ട്രഞ്ചുകളും വൈദ്യുതി വേലികളും 90 ശതമാനവും തകർന്ന് കിടക്കുകയാണ്.
കാട്ടുപോത്ത്, ആന, പുലി, കടുവ, കാട്ടുനായ, കുരങ്ങ് തുടങ്ങി വനത്തിൽ ഉള്ള എല്ലാത്തരം ജീവികളും ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്നു. മൂന്നാർ ടൗണിൽ ചൊവ്വാഴ്ച പകൽ കാട്ടുപോത്ത് ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. നല്ലതണ്ണി ഭാഗത്ത് ഒരു കിലോമീറ്ററിലധികം റോഡിലൂടെ സഞ്ചരിച്ച ശേഷമാണ് ഇവ തേയിലക്കാട്ടിലൂടെ വനത്തിലേക്ക് തിരികെ പോയത്.
കഴിഞ്ഞ ദിവസം കാട്ടുനായ്ക്കൾ മ്ലാവിനെ വേട്ടയാടി കൊന്നു തിന്നതും മൂന്നാറിലാണ്. നാലുമാസം മുമ്പ് വട്ടവടയിൽ 100 ലേറെ ആടുകളെ കാട്ടുനായ്ക്കൾ കൊന്നിരുന്നു . ഇതിന് ശേഷമാണ് മൂന്നാർ മേഖലയിലേക്ക് ഇവ എത്തിയത്. പുലിയും കടുവയും മൂന്നാർ മേഖലയിൽ ആറ് മാസത്തിനിടെ 50 ലേറെ പശുക്കളെയും കൊന്നു. ഇത് ക്ഷീര കർഷകരെ കടക്കെണിയിലാക്കി. മൂന്നാർ പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലും പാതകളിലും കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, പുലി, കാട്ടുപട്ടി, കരടി, കുരങ്ങ് , കടുവ എന്നിവ ജീവനും സ്വത്തിനും ഭീഷണിയായി തുടങ്ങിയിട്ടു കാലം ഏറെയായി.
ദേവികുളം, ചിന്നക്കനാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ, ശാന്തൻപാറ, ബൈസൺവാലി, അടിമാലി, മാങ്കുളം, പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം കൂടുതലും. കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ ബോഡിമെട്ട് വരെ വന്യമൃഗ ശല്യമുണ്ട് . മൂന്നാർ - മറയൂർ - ചിന്നാർ പാത, മൂന്നാർ - മാട്ടുപ്പെട്ടി - വട്ടവട പാത , മൂന്നാർ - ചിന്നക്കനാൽ - ശാന്തൻപാറ പാത, നേര്യമംഗലം റോഡുകളിലും സമീപത്തെ ചെറു റോഡുകളിലും കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും തമ്പടിക്കുന്നത് പതിവാണ്. ആക്രമണം പതിവായതോടെ കൃഷി നാശം പല വനാതിർത്തി മേഖലകളിലും തുടർക്കഥയായി. എന്നിട്ടും പ്രതിരോധ മാർഗങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്.
അടിമാലി: പാട്ട കൊട്ടലും പടക്കം പൊട്ടിക്കലും ഉൾപ്പെടെസൂത്ര വിദ്യകളാണു ഇപ്പോഴും വനാതിർത്തിയിലെ ആളുകൾ പ്രയോഗിക്കുന്നത്. കുപ്പികൾ അടുത്തടുത്തായി ചേർത്തു തൂക്കിയിട്ടു അതിൽ നിന്നു വരുന്ന ശബ്ദം ഉപയോഗിച്ചു വന്യ മൃഗങ്ങളെ അകറ്റുന്ന പ്രവണതയും ഊരുകളിലുണ്ട്. ചിലയിടത്തു ആനക്കിടങ്ങുകൾ എടുത്തിട്ടുണ്ടെങ്കിലും എല്ലാ ഊരുകളിലും ഈ സംവിധാനം എത്തിയിട്ടില്ല. വൈദ്യുതി വേലികളും വിരളമായേ ഉള്ളൂ. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആദിവാസി മുന്നേറ്റ സംഘടനകൾ അടക്കം ആവശ്യപ്പെടുന്നു.
അടിമാലി: വനാതിർത്തി മേഖലകളിൽ നിന്നും പുറത്തേക്കു വിവിധ ജോലികൾക്കായും പഠനത്തിനും എത്തുന്നവർക്ക് ഇരുട്ട് വീഴും മുമ്പേ തിരിച്ച് എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇരുട്ടിയാൽ വഴി മധ്യത്തിൽ കാട്ടാനകളോ കാട്ടുപോത്തോ ഇറങ്ങി നിൽക്കും.
വാഹനത്തിൽ വന്നാലും വാഹനം റെയ്സ് ചെയ്തു ശബ്ദം ഉണ്ടാക്കി മൃഗങ്ങളെ അകറ്റാൻ ശ്രമിച്ചാലും രക്ഷയില്ല. ഇരുട്ട് വീണതിനു ശേഷം മടങ്ങേണ്ടി വന്നതു കൊണ്ടു മാത്രം ഏറെ നേരം വഴിയിൽ കുടുങ്ങിയ സാഹചര്യം പല തവണ ഉണ്ടായിട്ടുണ്ടെന്നു പലരും സാക്ഷ്യപ്പെടുത്തുന്നു. ചില പകലുകളിലും വന്യ മൃഗങ്ങളിൽ ഇറങ്ങി നിൽക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.