അരൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമാണ ജോലി നടക്കുന്ന അരൂർ - തുറവൂർ പാതയിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി അധികൃതരുടെ കണക്ക്. ദേശീയപാതയുമായി ബന്ധപ്പെട്ട് തെക്കോട്ടുള്ള മറ്റ് റീച്ചുകളിലെ ജോലികള്‍ പലതും വളരെ പിന്നിലാണ്.
ഇവിടങ്ങളിൽ റോഡ് ഉയര്‍ത്തുന്നതിനുള്ള സാമഗ്രികളുടെ ലഭ്യതക്കുറവാണ് പണികൾ വൈകിക്കുന്നത്. 12.75 കിലോമീറ്റര്‍ ദൂരത്തില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മിക്കുന്ന ഉയരപ്പാതക്കായി ആകെ വേണ്ടത് 354 തൂണുകളാണ്.
നിലവിൽ 290 തൂണുകൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 64 തൂണുകളുടെ ജോലികൾ നടന്നുവരുന്നു. നിര്‍മാണം പൂര്‍ത്തികരിച്ച തൂണുകൾക്കിടയില്‍ 702 കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. രണ്ട് തൂണുകള്‍ക്കിടയില്‍ ഏഴ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത്. ഇതിന് മുകളില്‍ തട്ടടിച്ച് വാര്‍ക്കുന്ന ജോലികളും അതിവേഗം പുരോഗമിക്കുന്നു. തുറവൂര്‍, കുത്തിയതോട്, എരമല്ലൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളിലാണ് ഈ ജോലികള്‍ നടക്കുന്നത്. തുറവൂര്‍ ജങ്ഷനില്‍ നിന്നും വടക്കോട്ട് മൂന്ന് കിലോമീറ്റര്‍ ഉയരപ്പാതയില്‍ രണ്ട് കിലോമീറ്റര്‍ ഭാഗത്ത് കോണ്‍ക്രീറ്റിങ് പാത പൂര്‍ത്തിയായി.
മേൽത്തട്ട് പൂർണമായി പണിതു കഴിഞ്ഞു. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്റര്‍ പാതയില്‍ 354 തൂണുകളാണ് നിര്‍മിക്കുന്നത്. എട്ട് പില്ലറുകള്‍ക്ക് മുകളിലാണ് ഓരോ തൂണുകളും നില്‍ക്കുന്നത്.
ഇതിനു മുകളില്‍ പിയര്‍ ക്യാപ് കോണ്‍ക്രീറ്റിങ്ങിനു ശേഷം സ്റ്റീല്‍ ഗര്‍ഡറുകളും സ്ഥാപിച്ചുവരുന്നു. ഇതിനു മുകളിലാണ് കോണ്‍ക്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നത്. ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണ് പുള്ളിങ് ലോറികളിലെത്തിക്കുന്ന 32 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ തൂണിന് മുകളില്‍ കയറ്റുന്നത്. കുത്തിയതോട്, എരമല്ലൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ ജോലികള്‍ അതിവേഗം നടക്കുന്നുണ്ട്. മഴ ഒഴിഞ്ഞതോടെ ജോലികള്‍ വേഗത്തിലാണ് നടക്കുന്നത്.
തൂണിനു മുകളിലെ തട്ട് കോണ്‍ക്രീറ്റിങ് കഴിഞ്ഞ ഭാഗങ്ങളില്‍ തൂണുകള്‍ക്ക് താഴെ നിര്‍മാണത്തിന്റെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകളും അഴിച്ചു മാറ്റുന്നുണ്ട്. ഇത് ഗതാഗത കുരുക്ക് ഒഴിവാക്കും. ഈ ഭാഗങ്ങളില്‍ തൂണുകള്‍ക്ക് മുകളിലെ പാതയില്‍ പെയ്ത്തുവെള്ളം കെട്ടി നില്ക്കാതിരിക്കാന് താഴേക്ക് ഡ്രെയിനേജ് പൈപ്പുകള്‍ സ്ഥാപിക്കും. താഴെയുള്ള 4 വരിപ്പാതയുടെ ഇരുവശങ്ങളിലും നിര്‍മിക്കുന്ന കാനയുമായി ഈ ഡ്രെയിനേജ് പൈപ്പ് ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.