lead അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് സിക്കിൾ സെൽ അനീമിയ സ്ക്രീനിങ് ആരംഭിക്കും സുൽത്താൻ ബത്തേരി: വയനാട് ഗവ. മെഡിക്കൽ കോളജ് നിർമാണം ഉടൻ ആരംഭിക്കുമെന്നും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. ആശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ സേവനം ഈ വർഷംതന്നെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് നിർമിച്ച മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജൂണിൽ അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് സിക്കിൾ സെൽ അനീമിയ സ്ക്രീനിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്‍റെ ഏറെ നാളത്തെ ആവശ്യമായ കാത്ത് ലാബും ഉടൻ പൂർത്തീകരിക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ഒരു കോടി രൂപ ചെലവിലാണ് എസ്.ടി.പി പ്ലാന്‍റ് നിർമിച്ചത്. 1,45,000 ലിറ്റർ വെള്ളം ശുചീകരിക്കാൻ ഈ പ്ലാന്‍റിന് കഴിയും. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസൈനാർ മന്ത്രിക്ക് കൈമാറി. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസൈനാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഹഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അമ്പിളി സുധി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ലത ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അനീഷ് ബി. നായർ, ക്ഷേമകാര്യ ചെയർമാൻ എടക്കൽ മോഹനൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡി.പി.എം ഡോ. സമീഹ സൈതലവി, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ബി.കെ. ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കാശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രവും നിർമാണത്തിലിരിക്കുന്ന പുതിയ ബ്ലോക്കും മന്ത്രി സന്ദർശിച്ചു. SUNWDL14 സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചപ്പോൾ ---------------------------------------------------------------------------- നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കം blurb: നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രം സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാമെന്നതിന്‍റെ മാതൃകയെന്ന് മന്ത്രി വീണ ജോർജ് കൽപറ്റ: സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പാക്കാമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് മന്ത്രി വീണ ജോർജ്. ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 'ഭൂമിക്കൊരു തണൽ' ആശമാർക്കുള്ള കിറ്റ് വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ പുതുതായി പണിത കൽമണ്ഡപം, ആദിവാസി ഗർഭിണികൾക്കായുള്ള പ്രസവ പൂർവ പാർപ്പിടം-പ്രതീക്ഷ, വനിതകൾക്കായുള്ള വിശ്രമകേന്ദ്രം, ഫിറ്റ്നസ് സൻെററും ജിംനേഷ്യവും എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കനറാ ബാങ്കിന്‍റെ സഹകരണത്തോടെ നിർമിക്കുന്ന ഫിസിയോ തെറപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്‍റെ ശിലാസ്ഥാപനവും സുൽത്താൻ ബത്തേരി അർബൻ കോഓപറേറ്റിവ് ബാങ്കിന്‍റെ ധനസഹായത്തിൽ ഒരുക്കിയ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറിന്‍റെ സ്വിച്ച് ഓണും ആദിവാസി വയോജനങ്ങൾക്കായുള്ള ഇ-ഹെൽത്ത് കാർഡിന്‍റെ വിതരണവും ഫിസിയോ തെറപ്പി യൂനിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമർപ്പണവും നടന്നു. ആദിവാസി ഗർഭിണികളിലെ വിളർച്ച തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച താരാട്ട് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. നൂൽപുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സതീഷ്, വൈസ് പ്രസിഡന്‍റ് എൻ.എ. ഉസ്മാൻ, ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ അമൽ ജോയ്, പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൻ മിനി സതീശൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഗോപിനാഥൻ ആലത്തൂർ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഓമന പ്രേമൻ, പുഷ്പ അനൂപ്, എം.എ. അസൈനാർ, മണി സി. ചോയ്മൂല, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡി.പി.എം ഡോ. സമീഹ സെയ്തലവി, മെഡിക്കൽ ഓഫിസർ ഡോ. വി.പി. ഖാദർ മുഹമ്മദ്, കനറാ ബാങ്ക് റീജനൽ ഹെഡ് വി.സി. സത്യപാൽ, അർബൻ ബാങ്ക് ചെയർമാൻ സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു. SUNWDL15 നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.