ഊരിലേക്ക് പ്രവേശന പാസ്: തീരുമാനത്തിനെതിരെ ആദിവാസി സംഘടനകൾ

P3 Lead Package *'പട്ടികവർഗ വകുപ്പ് വികസനം നടത്തിയാൽ മതി, രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതില്ല' കൽപറ്റ: ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കുന്നതിന് പാസ് ഏർപ്പെടുത്തിയ പട്ടികവർഗ വകുപ്പിന്റെ നടപടിക്കെതിരെ ആദിവാസി സംഘടനകൾ രംഗത്ത്. വിവിധ ആവശ്യങ്ങൾക്ക് ഊരുകളിൽ പ്രവേശിക്കുന്ന സാമൂഹിക പ്രവർത്തകരെയും ഗവേഷണ വിദ്യാർഥികളെയും മാധ്യമ പ്രവർത്തകരെയുമൊക്കെ പാസിന്റെ പേരിൽ തടഞ്ഞുനിർത്തുന്നത് ഊരുകളിലെ ശോച്യാവസ്ഥയും അഴിമതിയും പുറംലോകം അറിയുമെന്ന പേടികൊണ്ടാണെന്ന് ആദിവാസി സംഘടനകൾ പറയുന്നു. ഇക്കാലമത്രയും ഒരു മാവോവാദിയെപോലും ആദിവാസി ഊരുകളിൽനിന്ന് പിടികൂടിയിട്ടില്ലെന്നിരിക്കേ മാവോവാദികളുടെ പേരുപറഞ്ഞ് ആളുകളെ തടയുന്നത് പ്രതിഷേധാർഹമാണെന്ന് ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ്‌ അമ്മിണി കെ. വയനാട് പറഞ്ഞു. ആദിവാസികളെ തടവിലിടുന്ന വിധത്തിലുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അംഗീകരിക്കാനാകില്ലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്ന് ജാനു വ്യക്തമാക്കി. ആദിവാസി ഊരുകൾ കാഴ്ചബംഗ്ലാവുകളോ അതി സുരക്ഷിത മേഖലയോ അല്ല. പിന്നെ എന്തിനാണ് ഇവിടെ പ്രവേശിക്കുന്നതിന് പാസ് ഏർപെടുത്തുന്നത്? പട്ടികവർഗ വികസന വകുപ്പ് ആദിവാസികളുടെ വികസന പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മതി. ആദിവാസികളുടെ കാര്യത്തിൽ അതിതീവ്രമായ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ട കാര്യമൊന്നുമില്ലെന്നും അമ്മിണി പറഞ്ഞു. 'ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കിൽ ആദ്യം ആദിവാസികളുടെ വികസനത്തിനായി കേന്ദ്രസർക്കാർ പാസാക്കിയ വനാവകാശ നിയമവും ആദിവാസി സ്വയംഭരണ പഞ്ചായത്തുകളും (പെസ) നടപ്പാക്കട്ടെ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും ചെയ്യാത്ത സർക്കാറാണ് ആദിവാസികളെ സംരക്ഷിക്കാൻ പ്രവേശന പാസ് നടപ്പാക്കുന്നത്. യൂനിവേഴ്സിറ്റികളിലും കോളജുകളിലും ഗവേഷണം നടത്തുന്ന വിദ്യാർഥികളും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരുമൊക്കെ ആദിവാസികൾക്ക് എന്ത് ഭീഷണിയാണ് ഉയർത്തുന്നതെന്ന് സർക്കാർ പറയണം. ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ പാർട്ടിയും സർക്കാറുമാണ് വീണ്ടും ആദിവാസികളെ കാണാൻ പ്രവേശന പാസ് ഏർപ്പെടുത്തുന്നത്. ആദിവാസി വികസനത്തിന് അനുവദിക്കുന്ന കോടികൾ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി ആദിവാസികളുടെ വികസനത്തെ പരിപൂർണമായും തകർത്തിരിക്കുന്നു. ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളും പട്ടിണിയും ചൂഷണങ്ങളും പീഡനങ്ങളുമൊന്നും പുറംലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിന്റെ ഉദ്ദേശ്യം. ആദിവാസി മേഖലയിൽ മാവോവാദി സാന്നിധ്യം ഉണ്ടെങ്കിൽ പൊലീസ് അവരെ പിടികൂടണം. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോടികൾ ചെലവഴിച്ച് തണ്ടർബോൾട്ടിനെ വിന്യസിച്ചിട്ടുണ്ടല്ലോ? മാവോയിസ്റ്റുകളുടെ പേരു പറഞ്ഞ് ആദിവാസികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അമ്മിണി പറഞ്ഞു. Inner Box കോളനിയിൽ കയറണോ...14 ദിവസം മുമ്പ് അപേക്ഷിക്കണം കൽപറ്റ: വ്യക്തികളും സംഘടനകളും ആദിവാസി കോളനികളില്‍ സന്ദര്‍ശനവും വിവരശേഖരണവും നടത്തുന്നതിന് അനുമതി നേടണമെന്ന് വ്യക്തമാക്കിയാണ് പട്ടികവര്‍ഗ വികസന വകുപ്പ് സർക്കുലർ ഇറക്കിയത്. ആദിവാസി മേഖലകളിലെ ഗവേഷണം, ഫീല്‍ഡ് സര്‍വേ, ഇന്റേണ്‍ഷിപ്, ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പട്ടിവര്‍ഗ വികസന ഡയറക്ടര്‍ അടുത്തിടെയാണ് സര്‍ക്കുലർ ഇറക്കിയത്. അനുവാദമില്ലാതെ വ്യക്തികളോ സംഘടനകളെ കോളനി സന്ദര്‍ശനം നടത്തുന്നത് നിര്‍ത്തിവെപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നതിനുമുമ്പ് പൊലീസ് വകുപ്പുമായി കൂടിയാലോചിക്കണമെന്നും നിര്‍ദേശമുണ്ട്. പുറമെനിന്നുള്ളവര്‍ രാത്രി കോളനികളില്‍ തങ്ങുന്നത് അനുവദിക്കരുതെന്ന് സര്‍ക്കുലറിലുണ്ട്. സ്ഥാപന മേധാവിയുടെ ശിപാര്‍ശയില്ലാത്തതും സന്ദര്‍ശകരുടെ വിവരം ഉള്ളടക്കം ചെയ്യാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. കുറഞ്ഞത് 14 ദിവസം മുമ്പാണ് അപേക്ഷ നല്‍കേണ്ടത്. ഇന്റേണ്‍ഷിപ് ചെയ്യുന്നതിനുള്ള അനുമതിക്ക് പ്രോജക്ട് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നിവരില്‍ ഒരാളുടെ അനുമതിയാണ് ആവശ്യം. സര്‍ക്കാര്‍ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന കോളനികള്‍, എം.ആര്‍.എസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള അനുവാദത്തിനു പ്രോജക്ട് ഓഫിസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ എന്നിവര്‍ക്കു അപേക്ഷ നല്‍കണം. റിസര്‍ച്ച്, ഫീല്‍ഡ് സര്‍വേ, വീഡിയോഗ്രഫി, സിനിമ ചിത്രീകരണം എന്നിവയ്ക്കുള്ള അപേക്ഷകള്‍ പട്ടികവര്‍ഗ ഡയറക്ടറേറ്റിലാണ് പരിഗണിക്കുക. ജില്ലാതലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശിപാര്‍ശ സഹിതം ഡയറക്ടറേറ്റിലേക്കു അയയ്ക്കണം. സാമൂഹിക സേവനവുമായി ബന്ധപ്പെട്ടു കോളനികളില്‍ മൂന്നു ദിവസം വരെ കോളനികളില്‍ ക്യാമ്പ് നടത്തുന്നതിനു പ്രോജക്ട് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ എന്നിവര്‍ക്കു അനുവാദം നല്‍കാം. SATWDL3 ഊരുകളിൽ പ്രവേശന പാസില്ലാതെ പ്രവേശിക്കുന്നത് വിലക്കി പട്ടിക വർഗ വികസന വകുപ്പ് പുറത്തിറക്കിയ സർക്കുലർ Inner Box ആദിവാസി വികസനം: കോടികൾ എന്തുചെയ്തു? കൽപറ്റ: ആദിവാസി മേഖലയുടെ വികസനത്തിന്‌ വർഷവും അനുവദിക്കുന്ന കോടികൾ എന്ത് ചെയ്തു എന്ന് അന്വേഷിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്ന് ആദിവാസി വനിത ​പ്രസ്ഥാനം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസി ഫണ്ട്‌ വെട്ടിപ്പിന് കൂട്ടുനിൽക്കുന്ന പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരെ പിരിച്ചുവിടുക, വനാവകാശ നിയമം ഉടൻ നടപ്പാക്കുക, ആദിവാസി സ്വയംഭരണ പഞ്ചായത്തുകൾ (പെസ) ഉടൻ നടപ്പാക്കുക, ആദിവാസി ചൂഷണം അവസാനിപ്പിക്കാൻ ആദിവാസി ചെറുപ്പക്കാർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക, ആദിവാസി ഊരുകളുടെ വികസനത്തെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിങ് നടത്തുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ആദിവാസികൾ കഴിയുന്നത് രണ്ടും മൂന്നും സെന്റ് ഭൂമിയിൽ പ്ലാസ്റ്റിക് കൂരകളിലാണ്. ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. പണിയെടുത്ത് എന്തെങ്കിലും കിട്ടിയാലല്ലാതെ ഉപജീവനത്തിന് വകയില്ലാത്തവരായി അലയുകയാണ്. ആദിവാസികൾക്ക് മറ്റു മനുഷ്യരെപോലെ ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളും അടച്ചുകളഞ്ഞ നിയമമാണ് 1997ൽ നായനാരുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ സർക്കാർ നടപ്പാക്കിയത്. ഇപ്പോൾ ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പ്രവേശന പാസ് ഏർപ്പെടുത്തിയത് കമ്യൂണിസ്റ്റ്-ദലിതനായ കെ. രാധാകൃഷ്ണന്റെ സംഭാവനയാണ്. പ്രസിഡന്റ് അമ്മിണി കെ. വയനാട്, സി.കെ. മിഥുൻ, സി.എം. കമല, സി.ആർ. പുഷ്പ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.