പുല്പള്ളി: ചേകാടിയില്‍ കാട്ടാനശല്യംമൂലം വാഹന യാത്രികര്‍ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. പാക്കം, ചേകാടി, ഉദയക്കര-ചേകാടി റൂട്ടിലാണ് കാട്ടാനശല്യം രൂക്ഷമായത്. കുറുവ ദ്വീപ് അടച്ചതോടെ ഈ പ്രദേശം ആനയുടെ താവളമായിട്ടുണ്ട്. കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. അപ്രതീക്ഷിതമായി വനത്തില്‍നിന്നു റോഡിലേക്കിറങ്ങിവരുന്ന ആനകളെ കണ്ട് ബൈക്ക് യാത്രികര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെടുന്നതും നിത്യസംഭവമായിട്ടുണ്ട്. ചെറിയമല, കോട്ടവയല്‍, പന്നിക്കല്‍, വെളുകൊല്ലി, കുണ്ടുവാടി, പൊളന്ന എന്നിവിടങ്ങളിൽ പകല്‍ സമയങ്ങളിലും ആനകള്‍ ഇറങ്ങുന്നുണ്ട്.
വെളുകൊല്ലിയില്നിന്നു കഴിഞ്ഞദിവസം പനമരം പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കില്‍ യാത്രചെയ്ത പൊലീസുകാരന് അപകടത്തില്‍പെട്ടിരുന്നു. ചേകാടിയില്നിന്നു വേലിയമ്പത്തേക്കു വരുകയായിരുന്ന സ്കൂള്‍ ബസിനെ ആനക്കൂട്ടം ഏറെനേരം തടഞ്ഞുവച്ചിരുന്നു. ചേകാടിയില്നിന്നു പുല്പള്ളി സ്റ്റേഷനിലേക്ക് വരികയായിരുന്ന വനിത പൊലീസുകാരിയും കുറിച്ചിപ്പറ്റയില് ആനയുടെ മുന്നില്‍പെട്ടു. ഇവർ വാഹനം വഴിയില്‍ മറിച്ചിട്ട് പാലത്തിനടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കര്‍ണാടകയില്‍ ജോലിക്കും കൃഷിക്കുമായി പോകുന്ന ഒട്ടേറെ പേർ ചേകാടിബാവലി വഴിയാണ് യാത്ര ചെയ്യുന്നത്. രാവിലെ ആറിന് ബാവലി ഗേറ്റ് തുറക്കുമ്പോഴും വൈകീട്ട് ആറിന് അടക്കുമ്പോഴുമാണ് യാത്രക്കാര്‍ കൂടുതലുള്ളത്. വനത്തില്‍ അടിക്കാടുകള്‍ വളര്‍ന്നതോടെ സമീപത്ത് ആന നിന്നാലും കാണാത്ത അവസ്ഥയുണ്ട്. നാടുകാണാനെത്തുന്ന അപരിചിതരും പലപ്പോഴും റോഡിൽ ആനയെ കണ്ട് തിരിച്ചോടുന്നു. ആനകളെ കാണുമ്പോൾ ഫോട്ടോയെടുക്കാനും മറ്റും യാത്രക്കാര്‍ വാഹനം നിര്‍ത്തുന്നതും പ്രശ്നമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.