കൊച്ചി: ആദിവാസി ഊരുകളുടെ സമഗ്ര വിസനത്തിന് സർക്കാർ പ്രഖ്യാപിച്ച 'അംബേദ്കർ ഗ്രാമം' പദ്ധതി വയനാട്ടിലെ മാനന്തവാടിയിൽ അട്ടിമറിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലായി 2017-18 ൽ 56 പദ്ധതികൾക്ക് തുക അനുവദിച്ചതിൽ 10 എണ്ണമാണ് പൂർത്തിയാക്കിയത്.
വെള്ളമുണ്ടയിലെ ആലഞ്ചേരി, പുറവഞ്ചേരി, മേച്ചേരി, കാക്കൻചേരി ആദിവാസി കോളനികൾക്ക് ഏഴ് പദ്ധതികൾക്ക് 76.17ലക്ഷം അനുവദിച്ചതിൽ ഒരെണ്ണമേ പൂർത്തിയാക്കിയിട്ടുള്ളൂ.
കൂവന്നക്കുന്ന് കോളനിക്ക് നാല് പദ്ധതികൾക്ക് 65.11ലക്ഷം അനുവദിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി.
പടക്കോട്ടുകുന്ന് കോളനിക്ക് ഒമ്പത് പദ്ധതികൾക്ക് 80.82 ലക്ഷം അനുവദിച്ചുവെങ്കിലും ഒരെണ്ണമേ പൂർത്തീകരിച്ചുള്ളൂ.
തിരുനെല്ലിയിലെ കൈതവള്ളി കോളനിയിൽ നാല് പദ്ധതികൾക്ക് 82.95 ലക്ഷം നൽകിയപ്പോൾ രണ്ടെണ്ണം പൂർത്തിയാക്കി. പുഴവയൽ കോളനിയിൽ ഏഴ് പദ്ധതികൾക്ക് 78.09 ലക്ഷം അനുവദിച്ചുവെങ്കിലും ഒരെണ്ണം പൂർത്തിയാക്കി.
ചേക്കുന്ന് കോളനിയിൽ ആറ് പദ്ധതികൾ നടപ്പാക്കുന്നതിന് 81.26 ലക്ഷം അനുവദിച്ചതിൽ രണ്ടെണ്ണം പൂർത്തിയാക്കി. തൊണ്ടർനാട്ടിൽ കൊന്നിയോട് കോളനിയിൽ നാല് പദ്ധതികൾക്ക് 86.14 ലക്ഷം നൽകിയപ്പോൾ ഒരെണ്ണം പൂർത്തിയായിട്ടുള്ളൂ.
പാലയന്ന കോളനിയിൽ 10 പദ്ധതികൾക്ക് 70.74 ലക്ഷം അനുവദിച്ചതിൽ ഒരെണ്ണം പൂർത്തിയാക്കി. വെട്ടിയമ്പട്ട കോളനിയിൽ അഞ്ച് പദ്ധതികൾക്ക് 79.74 ലക്ഷം അനുവദിച്ചതിൽ രണ്ടെണ്ണം മാത്രം പൂർത്തിയാക്കി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൂവന്നക്കുനു കോളനിയിലെ വികസന പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ ഉപേക്ഷിച്ചുവെന്നും പരിശോധനയിൽ കണ്ടെത്തി.
സാധ്യത പഠനവും എസ്റ്റിമേറ്റ് തയാറാക്കലും നടത്തിയത് യാഥാർഥ്യബോധത്തോടെയല്ലെന്നും ഓഡിറ്റ് നിരീക്ഷിച്ചു 2017 സെപ്റ്റംബർ 20ലെ ഉത്തരവ് സൂചിപ്പിച്ചിരിക്കുന്നതുപോലെ മോണിറ്ററിങ്, കോഓഡിനേറ്റിങ് സംവിധാനങ്ങളൊന്നും ഫലപ്രദമായില്ല. പദ്ധതി നടത്തിപ്പിെൻറ പുരോഗതി നിരീക്ഷിക്കുന്നതിൽ പട്ടികവർഗവകുപ്പ് പരാജയപ്പെട്ടു. നിർവഹണ ഏജൻസികളുടെ നിരുത്തരവാദപരമായ മനോഭാവം പിന്നോട്ടടുപ്പിച്ചു. പുരോഗതി നിരീക്ഷിക്കുന്നതിൽ പട്ടികവർഗ ഡയറക്ടറേറ്റിെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. എസ്റ്റിമേറ്റ് അനുസരിച്ച് വികസന പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. സമൂഹത്തിലെ ദുർബല വിഭാഗത്തിന് ആനുകൂല്യം നിഷേധിക്കുകയാണ് സർക്കാർ ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.