കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 576 മുഖ്യ ബൂത്തുകളും 372 ഓക്സിലറി ബൂത്തുകളുമുള്‍പ്പെടെ 948 ബൂത്തുകള്‍ സജ്ജമാക്കും. ആയിരം വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. ഇതിൽ 351 എണ്ണം നിലവില്‍ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന അതേ സ്ഥാപനത്തില്‍തന്നെയാണ്.
16 എണ്ണം 200 മീറ്റര്‍ പരിധിക്കുള്ളിലും ഒരുക്കും. ഏഴെണ്ണം താല്‍ക്കാലിക കേന്ദ്രങ്ങളിൽ സജ്ജീകരിക്കുമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുമായി കലക്ടറേറ്റിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പരമാവധി ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ നിയോജക മണ്ഡലതലങ്ങളില്‍ ഉണ്ടാകും. മാനന്തവാടി മേരി മാതാ കോളജ്, സുല്‍ത്താന്‍ ബത്തേരി സെൻറ് മേരീസ് കോളജ്, കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ എന്നിവിടങ്ങളാണ് കേന്ദ്രങ്ങളാവുക.
വോട്ടെണ്ണലും ഇവിടങ്ങളില്‍ നടക്കും. 80 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലതലത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം. ഇത്തരത്തില്‍ തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥ സംഘം വീടുകളില്‍ എത്തി ഇവ നല്‍കും.
ഇവര്‍ക്ക് രണ്ടു തവണ സന്ദര്‍ശിച്ചിട്ടും വോട്ടറെ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന് പോസ്റ്റല്‍ വോട്ടിന് അവസരം നഷടമാകും. ജനുവരി 31ലെ കണക്ക് പ്രകാരം മൂന്ന് നിയോജക മണ്ഡലങ്ങളിലായി 6,07,068 വോട്ടര്‍മാരാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിനായി പ്രത്യേകം തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.