സുൽത്താൻ ബത്തേരി: കോഴ വിവാദത്തിനിടെ സുൽത്താൻ ബത്തേരിയിൽ ചേർന്ന ബി.ജെ.പി യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെ രൂക്ഷ വിമർശനം. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ജനറൽ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു. അച്ചടക്കനടപടിക്ക് വിധേയരായ യുവമോർച്ച നേതാക്കളെ തിരിച്ചെടുക്കണമെന്നും ഭൂരിഭാഗവും ആവശ്യപ്പെട്ടു.
എന്നാൽ, കാര്യമായ തീരുമാനങ്ങളൊന്നും എടുക്കാതെയാണ് യോഗം പിരിഞ്ഞത്. അച്ചടക്ക നടപടികൾക്ക് വിധേയരായ യുവമോർച്ച നേതാക്കളുമായി ഈ മാസം അവസാനം സംസ്ഥാന നേതാക്കൾ അനുനയ ചർച്ച തീരുമാനിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ ചെട്ടി സർവിസ് സൊസൈറ്റി ഹാളിലായിരുന്നു യോഗം നടന്നത്. ബി.ജെ.പി മലബാർ മേഖല അധ്യക്ഷൻ കെ.പി. ജയചന്ദ്രൻ മാസ്റ്ററായിരുന്നു യോഗം നിയന്ത്രിച്ചത്. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സുതാര്യമല്ലാത്തതും അത് ചൂണ്ടിക്കാണിച്ചവരെ പുറത്താക്കിയതിനെതിരെയും ബഹുഭൂരിപക്ഷവും പരാതികൾ ഉന്നയിച്ചു.
ജില്ല ജനറൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്ന് ഏതാനും നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സി.കെ. ജാനുവിെൻറ തെരഞ്ഞെടുപ്പ് ഫണ്ടുകൾ കൈകാര്യം ചെയ്തത് പ്രശാന്ത് മലവയലാണ്. പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നിയോജക മണ്ഡലത്തിൽ ചെലവാക്കിയില്ലെന്ന ആരോപണം ബി.ജെ.പി ഭാരവാഹികൾ നേരേത്ത തന്നെ ഉന്നയിച്ചിരുന്നു. ഇത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചു. കോഴ കൈമാറിയെന്ന ആരോപണം കൂടി ഉണ്ടായതോടെ ജില്ല ജനറൽ സെക്രട്ടറി പ്രതിരോധത്തിലായി. ഫണ്ട് ചെലവഴിച്ചതിലെ വീഴ്ച ചോദ്യം ചെയ്തതിനാണ് യുവമോർച്ച ജില്ല പ്രസിഡൻറ് ദീപു പുത്തൻപുരയിൽ, സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് ലിലിൽ കുമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയത്. ഇവരെ തിരിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ മാസം അവസാനം നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെങ്കിലും ഒരാൾ തങ്ങളെ കാണാനെത്തുമെന്ന് ദീപു പുത്തൻപുരയിൽ പറഞ്ഞു.
'താമസിക്കുന്നത് ഭാര്യവീട്ടിൽ'
സുൽത്താൻ ബത്തേരി: താമസിക്കുന്നത് ഭാര്യവീട്ടിലെന്ന് കോഴ വിവാദത്തിൽ ആരോപണ വിധേയനായ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ കൈമാറിയെന്ന പ്രസീത അഴിക്കോടിെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം സംബന്ധിച്ച് നിയമ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ്.
വീട് വെക്കുക എന്ന ഉദ്യേശ്യത്തോടെ 2017ൽ സുൽത്താൻ ബത്തേരി മന്ദണ്ടിക്കുന്നിൽ 10 സെൻറ് സ്ഥലം വാങ്ങി. സ്ഥലത്തിെൻറ കിടപ്പനുസരിച്ച് വീടുവെക്കാൻ കൂടുതൽ ചെലവു വരുമെന്നതിനാൽ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. ഇടനിലക്കാർ മുഖേന സുൽത്താൻ ബത്തേരി ടൗണിലെ ഏഴ് സെൻറ് സ്ഥലവും വീടുമായി കഴിഞ്ഞ ജനുവരിയിൽ കൈമാറ്റക്കച്ചവടം ഉറപ്പിച്ചു.
ഒരു ലക്ഷം രൂപയും കൈമാറി. കോവിഡ് രൂക്ഷമായതോടെ ഇടപാട് നടന്നില്ല. ബി.ജെ.പിയിലെ ചിലർക്ക് ഈ കൈമാറ്റ കച്ചവടത്തെക്കുറിച്ചറിയാം. അവരാണ് പ്രസീതയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.