കണിയാരം: കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും വിധിനിർണയത്തെ ചൊല്ലി സംഘർഷം. പ്രധാന വേദിയായ 'വല്ലി'യിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിന്റെ വിധി നിർണയവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാഗ്വാദവും കൈയാങ്കളിയുമുണ്ടായത്.
നാലു ടീമുകളാണ് ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ മത്സരിച്ചത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. എന്നാൽ, മാനന്തവാടി എം.ജി.എം സ്കൂളിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കൽപറ്റ എൻ.എസ്.എസും മീനങ്ങാടി ജി.എച്ച്.എസ്.എസും വിധികർത്താക്കളെ തടഞ്ഞുവെച്ച് വിധി നിർണയത്തെ ചോദ്യം ചെയ്തു.
പോക്സോ കേസിൽ ഉൾപ്പെട്ടയാളാണ് വിധി നിർണയിച്ചതെന്നും തിരുവാതിരക്കളിയെ കുറിച്ച് ഇദ്ദേഹത്തിനൊരു ധാരണയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സംഘാടകർ ഇടപെട്ടിട്ടും ബഹളം അവസാനിക്കാത്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. എൻ.എസ്.എസ് സ്കൂൾ പ്രോഗ്രാം കമ്മിറ്റിക്ക് പരാതി നൽകി.
തുടർന്ന് ആരോപണവിധേയനായ വിധികർത്താവിനെ മാറ്റി. പോക്സോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി പൊലീസിനോട് ആവശ്യപ്പെട്ടതായി സംഘാടകർ പറഞ്ഞു. അതേസമയം, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയിൽ എൻ.എസ്.എസ് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ബുധനാഴ്ച രാത്രി വൃന്ദവാദ്യ മത്സരഫലത്തെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ കലോത്സവ വേദിയിൽ സംഘർഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.