മാനന്തവാടി: വിനോദ സഞ്ചാരികൾ കാറിൽ റോഡിലൂടെ വലിച്ചിഴച്ച് ഗുരുതര പരിക്കേറ്റ ആദിവാസി മാതന്റെ കുടുംബത്തോട് കെ.എസ്.ഇ.ബിയുടെ ക്രൂരത. പയ്യമ്പള്ളികൂടൽകടവ് ചെമ്മാട് മാതന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്താൽ വിച്ഛേദിച്ചു. സംഭവം വിവാദമായതോടെ രാത്രി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. മാതൻ 251 രൂപയാണ് വൈദ്യുതി ബിൽ അടക്കാനുണ്ടായിരുന്നത്.
ഡിസംബർ 15ന് കൂടൽക്കടവ് ചെക്കു ഡാം കാണാനെത്തിയ നാലംഗ സംഘം മർദിക്കുകയും കാറിൽ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതിനെ തുടർന്ന് പരിക്കേറ്റ് വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ദുരിതത്തിൽ കഴിയുന്ന കുടുംബം വീട്ടിൽ ബിൽ വന്ന വിവരം പോലും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ ജീവനക്കാർ മാതന്റെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ വൈദ്യുതി വിച്ഛേദിക്കരുതെന്നും വീട്ടുടമ ആശുപത്രിയിലാണെന്നും ബിൽ അടക്കാമെന്നും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ കേൾക്കാതെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ക്രിസ്മസ് കരോൾ സംഘം മാതന്റെ വീട്ടിലെത്തിയപ്പോൾ വെളിച്ചം ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുറത്തറിയുന്നത്. സംഭവം വിവാദമായതോടെ രാത്രി എട്ടോടെ വൈദ്യുതി ജീവനക്കാർ മാതന്റെ വീട്ടിലെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.