പൂക്കോട്: വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയില്‍ ഒഴിവുള്ള ഫാം അസിസ്റ്റന്റ് തസ്തികകള്‍ നികത്താൻ നടപടിയില്ല.ഇതിനെതിരെ പരസ്യപ്രതിഷേധവുമായി ഉദ്യോഗാർഥികള്‍ രംഗത്തെത്തി. തസ്തികകള്‍ നികത്തണമെന്ന ആവശ്യം യൂനിവേഴ്സിറ്റി അധികാരികള്‍ അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ നിലവില്‍ 59 ഫാം അസിസ്റ്റന്റ് തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്.
സര്‍വകലാശാലയുടെ പൂക്കോട്, മണ്ണൂത്തി, കോലാഹലമേട്, തുമ്പൂര്‍മുഴി, തിരുവഴാംകുന്ന് എന്നിവിടങ്ങളിലായാണ് ഇത്രയും തസ്തികകളുള്ളത്. ഫാമുകളിലെ ജീവനക്കാരെ നിയന്ത്രിക്കല്‍, ജോലിക്ക് മേല്‍നോട്ടം വഹിക്കല്‍, ജോലി ക്രമീകരിക്കല്‍ തുടങ്ങിയവക്ക് മേല്‍നോട്ടം വഹിക്കലാണ് ഫാം അസിസ്റ്റന്റുമാരുടെ ഉത്തരവാദിത്തം. എന്നാല്‍, പൂക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലികമായി പുറംവാതില്‍ നിയമനം നടത്തുന്നതായി ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശക-സി) വകുപ്പ് ഡിസംബര്‍ ഒമ്പതിന് പുതുതായി പുറത്തിറക്കിയ ഉത്തരവു പ്രകാരം 2025 ജൂണ്‍ വരെ വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ 87 ഫാം സ്റ്റാഫ് തസ്തിയാണുള്ളത്. യൂനിവേഴ്സിറ്റിയില്‍ 2011 മുതല്‍ 2024 ഏപ്രില്‍ നാലു വരെ 59 ഒഴിവുകള്‍ നിലനില്‍ക്കുന്നതായി വിവരാവകാശ രേഖ തെളിയിക്കുന്നുണ്ട്. ഓരോ വര്‍ഷവും വരുന്ന ഒഴിവുകള്‍ സര്‍ക്കാറിലും പി.എസ്.സിയിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഗവ. ഉത്തരവുണ്ടായിട്ടും വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ നിയമന (രജിസ്ട്രാര്‍) അധികാരിയുടെ ഓഫിസ് ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് ആരോപണം. ഫാം തസ്തികകള്‍ പി.എസ്.സി വഴി നികത്തണമെന്നാവശ്യപ്പെട്ട് നിരവധി സര്‍ക്കാര്‍ ഉത്തരവുകളുണ്ടായിട്ടും യൂനിവേഴ്സിറ്റി അധികാരികള്‍ അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
2011ല്‍ വെറ്റിനറി യൂനിവേഴ്സിറ്റി രൂപംകൊണ്ടതു മുതല്‍ ഒഴിഞ്ഞു കിടന്ന ഫാം അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നല്കാൻ വേണ്ടിയാണ് വിവിധ ഡിപ്ലോമ കോഴ്സുകള്‍ വെറ്റിനറി യൂനിവേഴ്സിറ്റി തുടങ്ങിയത്. എന്നാല്‍, ഈ കോഴ്സുകള്‍ നേടിയ ഉദ്യോഗാർഥികളെ നിയമിക്കാന്‍ വെറ്ററിനറി യൂനിവേഴ്സിറ്റി തയാറാകുന്നില്ല.
പൂക്കോട്: വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയിലെ ഫാം അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. പൂക്കോട്ടെ യൂനിവേഴ്സിറ്റി കവാടത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്.
പുറംവാതില്‍ നിയമനം ഒഴിവാക്കി നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. നിതിന്‍ രാജന്, പി.വി. വിഷ്ണു, എം.ആര്. അനൂപ്, നവാസ് ഇക്ബാല്‍, അഞ്ജു, ബിന്റോ ബെന്നി, അനു കീര്‍ത്തന, ഹരിത രാജന് തുടങ്ങിയവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.